ബംഗാളിൽ സിപിഎം തിരിച്ചുവരുന്നു, ബിജെപി നേതാക്കൾ റീൽസിന്റെ പിന്നാലെ; പാർട്ടിക്കുള്ളിൽ രൂക്ഷ വിമർശനവുമായി എംഎൽഎ | Amarnath Sakha criticism BJP


കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി മുതിർന്ന എംഎൽഎ അമർനാഥ് സാഖ. സംസ്ഥാനത്ത് സിപിഎം വീണ്ടും ശക്തിപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിലെ റീലുകളിലൂടെയും വ്യക്തിപരമായ പ്രശസ്തിയിലൂടെയും ശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു (Amarnath Sakha criticism BJP). ബങ്കുറ ജില്ലയിലെ ഒൻഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് അമർനാഥ് സാഖ.
പാർട്ടിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഉണരുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ സ്വന്തം പ്രശസ്തി വർധിപ്പിക്കുന്നതിലാണ് ചില നേതാക്കളുടെ ശ്രദ്ധയെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് മറുപടി നൽകാനോ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനോ ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും സാഖ കുറ്റപ്പെടുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ചില നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും എംഎൽഎ ആരോപിച്ചു. പണം സമ്പാദിക്കുന്നതിലും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലുമാണ് ചിലരുടെ ശ്രദ്ധയെന്നും ഇത്തരം പ്രവണതകൾ ബിജെപിയുടെ സംഘടനാ ശക്തിയെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി പ്രവർത്തകർ വ്യക്തികളുടെ അനുയായികളാകുന്നതിന് പകരം ബിജെപിക്ക് മുൻഗണന നൽകണമെന്നും സാഖ ആഹ്വാനം ചെയ്തു. നേതാക്കൾ വരുകയും പോകുകയും ചെയ്യുമെന്നും എന്നാൽ പാർട്ടി നിലനിൽക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിപിഎമ്മിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ആക്രമണങ്ങളും രാഷ്ട്രീയ സമ്മർദങ്ങളും നേരിട്ടാണ് താൻ ബിജെപിയിൽ പ്രവർത്തിച്ചതെന്നും സ്വന്തം ജീവിതവും കുടുംബവും മാറ്റിവെച്ചാണ് പാർട്ടിക്കായി പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഭാരവാഹികൾക്കിടയിലെ അഴിമതി സംബന്ധിച്ച് സമീക് ഭട്ടാചാര്യ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും സാഖ ചൂണ്ടിക്കാട്ടി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യുവ നേതാക്കളെ മുന്നിൽ നിർത്തിയും പ്രതിഷേധ പരിപാടികൾ ശക്തമാക്കിയും പശ്ചിമ ബംഗാളിൽ ഇടത് മുന്നണി സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപിക്കുള്ളിലെ ഈ വിമർശനം പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് സിപിഎമ്മിനും ഇടത് സഖ്യത്തിനും വലിയ തെരഞ്ഞെടുപ്പ് മുന്നേറ്റം ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും, അവരുടെ രാഷ്ട്രീയ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ബിജെപി പരാജയപ്പെടുകയാണെന്ന വിമർശനമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്നത്.
Summary: Senior BJP MLA Amarnath Sakha has publicly criticised a section of the party leadership in West Bengal, alleging that leaders are focusing more on social media popularity and reels than confronting the CPI(M). He also accused some leaders of prioritising personal interests and money over strengthening the party organisation.

