തോമസ് ഐസക്കിന്റെ തുറന്നുപറച്ചിൽ വൈകിപ്പോയി; നേരത്തെ പറഞ്ഞിരുന്നെങ്കിൽ പാർട്ടി വിടേണ്ടി വരില്ലായിരുന്നുവെന്ന് ജി. സുധാകരൻ


കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെയും മോശം സാഹചര്യങ്ങളെയും കുറിച്ച് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് നടത്തിയ പരസ്യപ്രതികരണങ്ങളെ പൂർണ്ണമായി പിന്തുണച്ച് ജി. സുധാകരൻ രംഗത്ത്. തോമസ് ഐസക് ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത് താൻ ആദ്യമായാണ് കേൾക്കുന്നതെന്നും, ഈ കാര്യങ്ങൾ കുറച്ചുകൂടി നേരത്തെ അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ തന്നെപ്പോലുള്ളവർക്ക് സ്വയം പാർട്ടി വിടേണ്ടിവരില്ലായിരുന്നുവെന്നും സുധാകരൻ തുറന്നടിച്ചു.
ഈ കാലഘട്ടത്തിൽ പാർട്ടിയിൽ അനിവാര്യമായി നടക്കേണ്ട ഒരു സ്വയംവിമർശനമാണ് ഐസക്കിന്റേതെന്നും അത് രഹസ്യമാക്കി വെക്കേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഇപ്പോൾ നിൽക്കക്കള്ളി ഇല്ലാത്ത സ്ഥിതിയാണെന്നും, ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഐസക്കിന് ധാർമികവും മാനസികവുമായ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, താനും തോമസ് ഐസക്കും തമ്മിൽ മാസങ്ങളോ വർഷങ്ങളോ ആയി യാതൊരുവിധ ആശയവിനിമയവും നടത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Also Read:സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കും; മുഖ്യമന്ത്രി വിജയ്
പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച ജി. സുധാകരൻ, താഴെത്തലം മുതൽ മുകൾത്തട്ടുവരെയുള്ള എല്ലാ കമ്മിറ്റികളും ചെറിയൊരു വിഭാഗത്തിന് സുഖമായി ജീവിക്കാനും അധികാരം സ്ഥാപിക്കാനും ഇഷ്ടമില്ലാത്തവരെ പുറത്താക്കാനുമുള്ള ഉപാധിയായി മാറിയെന്ന് കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശരിയായ രീതിയല്ല ഇതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ആലപ്പുഴയിലാണ് ഇത്തരം വൃത്തികെട്ട പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചിലർ തുടക്കമിട്ടതെന്നും അതിന്റെ പ്രധാന ഇര താനായിരുന്നുവെന്നും തുറന്നടിച്ചു.
പാർട്ടിയിൽ തെറ്റുകൾ തിരുത്തുന്ന ഒരു നേതൃത്വം നിലവിലില്ലെന്ന് പറഞ്ഞ സുധാകരൻ, തന്നേക്കാൾ എത്രയോ ജൂനിയറായ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ അച്ഛനെ വിളിച്ച് അധിക്ഷേപിച്ചിട്ടും പിണറായി വിജയൻ അടക്കമുള്ള നേതൃത്വം അയാളെ തിരുത്താൻ തയ്യാറായില്ലെന്നും ഓർമ്മിപ്പിച്ചു. സ്വന്തം അച്ഛനെ ബഹുമാനിക്കുന്ന ഒരാൾ മറ്റുള്ളവരുടെ പിതാവിനെ അധിക്ഷേപിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021-ന് ശേഷം പിണറായി വിജയന്റെ നിലപാടുകളിൽ മാറ്റംവന്നുവെന്നും, താൻ കോൺഗ്രസിന്റെ ചെളിക്കുണ്ടിൽ പോയി വീണുവെന്നാണ് അദ്ദേഹം ആരോപിച്ചതെന്നും സുധാകരൻ പറഞ്ഞു. എന്നാൽ തമിഴ്‌നാട്, ബംഗാൾ, ത്രിപുര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസുമായി ചേർന്നാണ് സി.പി.എം മത്സരിക്കുന്നതെന്നും, പാർലമെന്റിൽ സി.പി.എമ്മിനും സി.പി.ഐക്കും ലഭിച്ച ആകെ ആറ് സീറ്റുകളിൽ അഞ്ചും കോൺഗ്രസിന്റെ പിന്തുണയോടെ ലഭിച്ചതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
The post തോമസ് ഐസക്കിന്റെ തുറന്നുപറച്ചിൽ വൈകിപ്പോയി; നേരത്തെ പറഞ്ഞിരുന്നെങ്കിൽ പാർട്ടി വിടേണ്ടി വരില്ലായിരുന്നുവെന്ന് ജി. സുധാകരൻ appeared first on Express Kerala.

