
ഇൻഡോർ: നഗരത്തെ നടുക്കിയ മലിനജല ദുരന്തത്തിന് പിന്നാലെ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കുടിവെള്ളത്തിൽ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. മരണകാരണമായേക്കാവുന്ന ഇ കോളി, സാൽമൊണല്ല, വിബ്രിയോ കോളറ തുടങ്ങിയ ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലർന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഭഗിരഥ്പുരയിലെ പോലീസ് ഔട്ട്‌പോസ്റ്റിലെ ശുചിമുറി മാലിന്യം കുടിവെള്ള പൈപ്പ്‌ലൈനിലേക്ക് ചോർന്നതാണ് ഈ വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. പ്രതിരോധശേഷി കുറഞ്ഞവർക്കും കൊച്ചുകുട്ടികൾക്കും ഈ ബാക്ടീരിയകളുടെ സാന്നിധ്യം അതീവ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ 210 പേരാണ് ഈ മലിനജലം കുടിച്ച് ശാരീരിക അസ്വസ്ഥതകളോടെ ചികിത്സയിലുള്ളത്. ഇതിൽ 32 പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം, രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിലും വെള്ളം പരിശോധിക്കുന്നതിലും അധികൃതരുടെ ഭാഗത്തുനിന്നും വലിയ വീഴ്ചയുണ്ടായെന്നും നടപടികൾ വൈകിയെന്നും ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
The post ഇൻഡോർ മലിനജല ദുരന്തം! കുടിവെള്ളത്തിൽ മാരക ബാക്ടീരിയകളുടെ സാന്നിധ്യം; സ്ഥിതി ഗുരുതരം appeared first on Express Kerala.



