loader image
മഡൂറോയെ ‘പൊക്കിയ’ അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ, വമ്പൻ മിസൈലുകൾ തൊടുത്ത് പ്രകോപനം, കിം എന്തിനും റെഡി !

മഡൂറോയെ ‘പൊക്കിയ’ അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ, വമ്പൻ മിസൈലുകൾ തൊടുത്ത് പ്രകോപനം, കിം എന്തിനും റെഡി !

ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിൽ പ്രധാനി എന്ന് അഹങ്കരിക്കുന്ന അമേരിക്ക, ലോകത്തെ ഏറ്റവും വലിയ തെമ്മാടി രാജ്യമായി മാറിയ കാഴ്ചയാണ് ലോകം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഒരു അന്താരാഷ്ട്ര നിയമവും പാലിക്കാതെ, മറ്റൊരു രാജ്യത്ത് കടന്നു കയറി അവിടുത്തെ പ്രസിഡൻ്റിനെയും ഭാര്യയെയും തട്ടികൊണ്ടു പോയി ജയിലിൽ അടച്ച ആ ഗുണ്ടാ പണിക്ക് എതിരെ, അതിശക്തമായ പ്രതിഷേധമാണ് ലോകമെങ്ങും ഇപ്പോൾ അലയടിച്ചിരിക്കുന്നത്.

സോഷ്യലിസ്റ്റ് രാജ്യമായ വെനസ്വേലയിലെ കമ്യൂണിസ്റ്റുകാരനായ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ, ഇരുട്ടിൻ്റെ മറവിൽ തട്ടികൊണ്ട് പോയി, സാമ്രാജ്യത്വ ശക്തികളുടെ ഹീറോയായ അമേരിക്കൻ പ്രസിഡൻ്റിനെ സീറോ ആക്കുന്ന വെല്ലുവിളിയാണ്, മറ്റൊരു കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഇതിനോടകം തന്നെ, ലോകത്തെ അത്യാധുനിക ആയുധമായ ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വൻ നിരയെ തന്നെ ഉത്തരകൊറിയ കിഴക്കൻ തീരത്തേക്ക് തൊടുത്തുവിട്ടു കഴിഞ്ഞു. ജനുവരി 4 ന്
രാവിലെ 7:50-ഓടെ, മാരക പ്രഹര ശേഷിയുള്ള മിസൈലുകളാണ് ഒരേസമയം വിക്ഷേപിച്ചിരിക്കുന്നത്. ഇവ സാധാരണ മിസൈലുകളല്ല, മറിച്ച് ശത്രു റഡാറുകളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ്. ആകാശത്തിന്റെ അതിരുകൾ ഭേദിച്ച്, അതീവ വേഗതയിൽ കുതിച്ചുയരുന്ന ഈ അത്യാധുനിക മിസൈലുകൾ ലോകത്തിലെ ഏതൊരു പ്രതിരോധ കോട്ടയെയും നിമിഷങ്ങൾക്കുള്ളിൽ ചാരമാക്കാൻ ശേഷിയുള്ളവയാണ്. കടൽ കുലുങ്ങുന്ന പ്രകമ്പനത്തോടെ ഈ മിസൈലുകൾ പായുമ്പോൾ, അയൽ രാജ്യങ്ങളും അമേരിക്കൻ സഖ്യകക്ഷികളുമായ ദക്ഷിണ കൊറിയയും ജപ്പാനും ഭയന്ന് വിറച്ചുപോയി എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് ചൈനയിൽ ഉച്ചകോടിയിൽ ഇരിക്കുമ്പോഴാണ് സ്വന്തം അതിർത്തിയിൽ കിമ്മിന്റെ മിസൈലുകൾ ഗർജ്ജിച്ചിരിക്കുന്നത്. ജപ്പാൻ പ്രതിരോധ മന്ത്രാലയവും ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫും പരിഭ്രാന്തരായി അമേരിക്കയുമായി ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്.

Also Read: വിളവു തിന്നുന്ന വേലി! പാവ സർക്കാരിനെ വെക്കും, പിന്നെ പഴയ പ്രസിഡന്റിനെ ജയിലിലിടും, എന്ത് സംഭവിക്കും?

ആണവായുധം കൈവശമുള്ള ഉത്തര കൊറിയയുടെ ഈ പ്രകോപനത്തെ, നാറ്റോ രാജ്യങ്ങൾ മാത്രമല്ല, മറ്റ് ലോക രാജ്യങ്ങളും ഭീതിയോടെയാണ് നോക്കി കാണുന്നത്.

വെനസ്വേലയിൽ കയറി കളിച്ചതു പോലെ, ഉത്തര കൊറിയക്ക് നേരെ ചെറുവിരൽ അനക്കിയാൽ പോലും, അമേരിക്കയുടെ നെഞ്ചത്ത് വീഴാൻ പോകുന്നത് ആണവ ബോംബുകളായിരിക്കും. അത് ചെയ്യാൻ മടിക്കാത്ത ഭരണാധികാരിയാണ് കിം ജോങ് ഉൻ എന്നത് , ഏറ്റവും കൂടുതൽ അറിയാവുന്നതും ട്രംപിന് തന്നെയാണ്. ട്രംപ് അമേരിക്കൻ പ്രസിഡൻ്റായ ഒന്നാം ഊഴത്തിൽ തന്നെയാണ്, അമേരിക്കയ്ക്ക് നേരെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തിരിച്ചു വച്ചിരുന്നത്. ഇതിനു ശേഷം, സമവായത്തിനായി ട്രംപ് ഓടി വന്നതും, കിം ജോങ് ഉന്നുമായി നേരിട്ട് ചർച്ച നടത്തിയതുമെല്ലാം ലോകം കണ്ട വേറിട്ട കാഴ്ചകളായിരുന്നു.

See also  പണം വാരാൻ ഫോൺപേ വരുന്നു! ഐപിഒയ്ക്ക് സെബി അംഗീകാരം; 12,000 കോടി സമാഹരിക്കാൻ വമ്പൻ നീക്കം

ആണവായുധം കൈവശമുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തുക എന്നത് എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല, പ്രത്യേകിച്ച്, കിം ജോങ് ഉന്നിനെ പോലെ, എന്തിനും മടിക്കാത്ത ഒരു ഭരണാധികാരി ഉത്തര കൊറിയക്ക് ഉള്ളപ്പോൾ, അമേരിക്ക ഭയക്കുക തന്നെ വേണം.

Also Read: ട്രംപിനും കൂട്ടർക്കും പണികിട്ടും! ഏത് പ്രസിഡന്റും അഴിയെണ്ണും, അധികാരത്തിന്റെ കവചം തുളയും

അമേരിക്കൻ കടന്നാക്രമണങ്ങളെ, മറ്റു ലോക നേതാക്കളെ പോലെ അപലപിക്കാനും, വട്ടമേശ സമ്മേളനം നടത്തി സമാധാന ചർച്ചയിലൂടെ തല കുമ്പിട്ട് നിൽക്കാനുമൊന്നും കിമ്മിനെ കിട്ടില്ല. അടിക്ക് അതിലും വലിയ തിരിച്ചടി എന്നതാണ് കിം ജോങ് ഉന്നിന്റെ നിലപാട്, വെനസ്വേല പ്രസിഡൻ്റിനെ തട്ടി കൊണ്ടു പോയ ട്രംപിൻ്റെ നടപടിയെ, അതീവ ഗൗരവമായാണ് കിം ജോങ് ഉൻ നോക്കി കാണുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെതിരെ എന്ത് നീക്കത്തിനും തയ്യാറാണ് എന്നതാണ്, കിമ്മിൻ്റെ നിലപാട്.

അമേരിക്കയെ സംബന്ധിച്ചും, എന്ത് പ്രകോപനം ഉണ്ടായാലും, ഉത്തര കൊറിയയെ തൊടുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ചിന്തിക്കാൻ പോലും കഴിയുകയില്ല. കാരണം, ഉത്തര കൊറിയ ആണവായുധം പ്രയോഗിക്കും എന്നത് മാത്രമല്ല, റഷ്യയുമായി ഉത്തര കൊറിയ ഉണ്ടാക്കിയ പുതിയ പ്രതിരോധ കരാർ പ്രകാരം, ഉത്തര കൊറിയ്ക്ക് നേരെ ആര് ആക്രമണം നടത്തിയാലും, റഷ്യ സൈനികമായി ഇടപെടാൻ ബാധ്യസ്ഥരാണ്. ലോകത്ത് ഏറ്റവും അധികം ആണവായുധങ്ങൾ കൈവശമുള്ള റഷ്യയുമായി ഒരു ഏറ്റുമുട്ടൽ നടത്തേണ്ടി വരിക എന്നത് , അമേരിക്കയ്ക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റുന്ന കാര്യവുമല്ല.

അമേരിക്ക ഉൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ ആയുധങ്ങളും ടെക്നോളജിയും യുക്രൈയിന് വാരിക്കോരി നൽകിയിട്ടും, റഷ്യൻ ആക്രമണത്തെ ചെറുക്കാൻ ഇതുവരെ യുക്രൈയിനു കഴിഞ്ഞിട്ടില്ല. യുക്രൈയിനുമായി വർഷങ്ങളായി യുദ്ധം ചെയ്യുന്ന റഷ്യ, ഇപ്പോൾ ആ രാജ്യത്തിൻ്റെ പകുതിയിലേറെ കൈവശപ്പെടുത്തിയിട്ടും, യുദ്ധം അവസാനിപ്പിക്കാതെ തുടരുന്നത്, പലവിധ സംശയങ്ങൾക്കും ആശങ്കകൾക്കും ഇതിനകം തന്നെ കാരണമായിട്ടുണ്ട്.

Also Read: ഇനി ‘ടൈഗർ’ ഡെൽസി റോഡ്രിഗസ് ഭരിക്കും! വെനസ്വേലയിൽ അധികാരത്തിൽ വന്ന ആ വൈസ് പ്രസിഡന്റ് യഥാര്‍ത്ഥത്തില്‍ ആര്..?

പ്രതിരോധ വിദഗ്ദർ തന്നെ പറയുന്നത്, റഷ്യ ഒരു മഹായുദ്ധത്തിന് മുന്നോടിയായിട്ടുള്ള പ്രാക്ടീസാണ് യുക്രൈയിൻ ഏറ്റുമുട്ടലിലൂടെ നടത്തുന്നത് എന്നതാണ്. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. യുക്രൈയിൻ പ്രസിഡൻ്റിനെ വധിക്കാനും, പ്രസിഡൻ്റിൻ്റെ കൊട്ടാരം ചാമ്പലാക്കാനും നിമിഷങ്ങൾ മാത്രം മതിയായിട്ടും, ഇതുവരെ റഷ്യ ആ കടുംകൈ ചെയ്തിട്ടില്ല എന്നതാണ്. മാത്രമല്ല, നശീകരണ ശേഷിയുള്ള ഒരു മിസൈലും , റഷ്യ ഇതുവരെ യുക്രൈയിനിലേക്ക് പ്രയോഗിച്ചിട്ടുമില്ല. എന്തിനേറെ, യുക്രൈയിനുമായി യുദ്ധവും റഷ്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സൈനിക നടപടി എന്ന് പേരിട്ടാണ്, യുക്രൈയിനിലേക്ക് റഷ്യൻ സൈന്യം കയറിയിരിക്കുന്നത്. റഷ്യൻ സൈന്യത്തിലെ 20 ശതമാനം പേരെ പോലും, ഈ സൈനിക നടപടിയുടെ ഭാഗമാക്കിയിട്ടില്ലന്ന അമ്പരപ്പിക്കുന്ന കണക്കും , പ്രമുഖ അന്താരാഷ്ട്ര മാധ്യമം പുറത്ത് വിട്ടിട്ടുണ്ട്.

See also  വാട്സാപ്പിനും ഇൻസ്റ്റാഗ്രാമിനും ‘പ്രീമിയം’ പതിപ്പുകൾ എത്തിയേക്കാം! സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലേക്ക് മാറാൻ മെറ്റ

യൂറോപ്പ് കീഴടക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് വ്ലാഡിമിർ പുടിൻ മുന്നോട്ട് പോകുന്നതെന്നും, പഴയ സോവിയറ്റ് യൂണിയൻ പുന:സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നുമാണ് അമേരിക്കയും സംശയിക്കുന്നത്. യുക്രൈയിൻ സംഘർഷത്തെ അതിനുള്ള പ്രാക്ടീസാക്കി എടുത്ത്, നിർണ്ണായക ഘട്ടം എത്തുമ്പോൾ, പിടിച്ചെടുക്കുക എന്നത് തന്നെയാണ് പുടിൻ്റെ അജണ്ട എന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ടു തന്നെ റഷ്യൻ നീക്കങ്ങളെയും ജാഗ്രതയോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. പുടിൻ്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണ ശ്രമം നടന്നതായ റഷ്യൻ ആരോപണം, വലുതെന്തോ റഷ്യ പ്ലാൻ ചെയ്യുന്നതിൻ്റെ ഭാഗം മാത്രമായാണ് അമേരിക്ക കാണുന്നത്.

ഇതിനിടെയാണ്, വെനസ്വേലയുടെ പ്രസിഡൻ്റിനെ തന്നെ അമേരിക്ക തട്ടികൊണ്ടു പോയിരിക്കുന്നത്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി, അമേരിക്കൻ സൈനിക സഖ്യമായ നാറ്റോ സഖ്യത്തെ ദുർബലപ്പെടുത്താൻ, ബദൽ കൊണ്ടുവരാനുള്ള നീക്കമാണിപ്പോൾ റഷ്യ നടത്തുന്നത്. റഷ്യയ്ക്ക് പുറമെ, ഉത്തരകൊറിയ, ഇറാൻ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഈ സഖ്യത്തിൽ ഉൾപ്പെടുത്താനാണ് ശ്രമം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പടർന്ന ആശങ്ക ഒഴിവാക്കാൻ ആ രാജ്യങ്ങൾക്ക് പ്രത്യേക സുരക്ഷയും റഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. മെക്സിക്കോ, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങൾക്ക് എതിരെയും ട്രംപിൻ്റെ ഭീഷണി പുറത്ത് വന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ റഷ്യൻ ചേരിയിലേക്ക് കൂടുതൽ രാജ്യങ്ങൾ എത്താനാണ് സാധ്യത. റഷ്യയുടെ അടുത്ത സുഹൃത്തായ ബ്രസീൽ, ഇതിനകം തന്നെ, അമേരിക്കയ്ക്ക് നേരെ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

Also Read:ആര് ജയിക്കും..! തോക്കിൻകുഴലിനേക്കാൾ മാരകമായ 10 യുദ്ധതന്ത്രങ്ങൾ, ഇത് മരണത്തിന്റെ കോഡിംഗ്, 163 ബില്യണിന്റെ ‘ആയുധ കച്ചവടം’

മഡൂറയെയും ഭാര്യയെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട റഷ്യയും ചൈനയും , അമേരിക്ക ചെയ്തത് പോലുള്ള നടപടിയുടെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഡൂറോയെ തട്ടി കൊണ്ടു പോയതിലൂടെ, അത്തരം സംഭവങ്ങൾ ഇനി ലോകത്ത് ആവർത്തിക്കാനുള്ള സാഹചര്യമാണ് അമേരിക്ക സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡൻ്റിന് ഇനി വിശ്വസിച്ച് എത്ര രാജ്യങ്ങളിൽ പോകാൻ കഴിയും എന്നതും വലിയ ചോദ്യം തന്നെയാണ്.

വീഡിയോ കാണാം…

The post മഡൂറോയെ ‘പൊക്കിയ’ അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ, വമ്പൻ മിസൈലുകൾ തൊടുത്ത് പ്രകോപനം, കിം എന്തിനും റെഡി ! appeared first on Express Kerala.

Spread the love

New Report

Close