
കോഴിക്കോട്: നിർമ്മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയുടെ കോഴിക്കോട്-വടകര റീച്ചിൽ സംരക്ഷണ ഭിത്തി നെടുകെ പിളര്‍ന്ന നിലയില്‍. അഴിയൂർ മേഖലയിൽ പുതുതായി നിർമ്മിച്ച സംരക്ഷണഭിത്തിയാണ് പിളര്‍ന്നിരിക്കുന്നത്. ചോമ്പാൽ ബ്ലോക്ക് ഓഫീസിനും കുഞ്ഞിപ്പള്ളി അണ്ടർപാസിനും ഇടയിലുള്ള ഭാഗത്താണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ നിർമ്മാണത്തിലിരിക്കുന്ന ആറുവരിപ്പാത ഇടിയാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.
കുഞ്ഞിപ്പള്ളി അണ്ടർപാസിനായി റോഡ് ഉയർത്തിയ ഭാഗത്താണ് അപകടാവസ്ഥയുള്ളത്. സർവീസ് റോഡിനോട് ചേർന്ന് നിൽക്കുന്ന ഈ ഭിത്തിയുടെ വശങ്ങളിൽ നിലവിൽ മണ്ണ് നിറച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മണ്ണിന്റെ ഭാരം കൂടുന്തോറും വിള്ളലിന്റെ ആഴം വർദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നുണ്ട്.
നിർമ്മാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് നിർമ്മാണ ചുമതലയുള്ള കമ്പനിയുടെ എൻജിനീയറിങ് വിഭാഗം പ്രശ്നത്തെ നിസ്സാരവൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. അപകട ഭീഷണിയുയർത്തുന്ന നിലവിലെ സംരക്ഷണഭിത്തി പൂർണ്ണമായും പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രദേശവാസികൾ.
The post ദേശീയപാത വികസനം; വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ ഭിത്തിയിൽ വിള്ളൽ appeared first on Express Kerala.



