
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം സിറ്റിങ് സീറ്റ് നിലനിർത്താൻ സിപിഎം വി. ശിവൻകുട്ടിയെ തന്നെ വീണ്ടും കളത്തിലിറക്കിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്ത്. താൻ വ്യക്തിപരമായി മത്സരത്തിനില്ലെന്നും എന്നാൽ പാർട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി തൃശൂരിൽ പറഞ്ഞു.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഇടതുമുന്നണിയാണ് കൈക്കൊള്ളുക. പാർട്ടി എടുക്കുന്ന തീരുമാനമാണ് തന്റെയും തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നേമത്ത് സ്ഥാനാർത്ഥിയാക്കാനാണ് ബിജെപി നീക്കം. ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സിറ്റിങ് സീറ്റ് നിലനിർത്താൻ ശിവൻകുട്ടിയല്ലാതെ മറ്റൊരു ചോയ്സില്ലെന്നാണ് സിപിഎമ്മിലെ പൊതുവായ വിലയിരുത്തൽ. മത്സരിക്കാനില്ലെന്ന് പരസ്യമായി പറയുമ്പോഴും ‘പാർട്ടി തീരുമാനം അനുസരിക്കും’ എന്ന മന്ത്രിയുടെ വാചകം അദ്ദേഹം വീണ്ടും മത്സരിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പാർട്ടിയുടെ അടുത്ത നീക്കം ഇനി നിർണായകമാകും.
Also Read: തൊണ്ടിമുതൽ കേസ്! ആന്റണി രാജുവിന് തടവും അയോഗ്യതയും; ബാർ കൗൺസിൽ നടപടിക്കൊരുങ്ങുന്നു
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും നേമം മണ്ഡലത്തിൽ സിപിഎമ്മിന്റെ മുഖമായിരുന്നു വി. ശിവൻകുട്ടി. 2011 മുതൽ മണ്ഡലത്തിലെ പോരാട്ട ചരിത്രം പരിശോധിക്കുമ്പോൾ ശക്തമായ ത്രികോണ മത്സരങ്ങൾക്കാണ് നേമം സാക്ഷ്യം വഹിച്ചിട്ടുള്ളത്. 2021-ൽ ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം മണ്ഡലം തിരിച്ചുപിടിച്ചത്. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016-ൽ നേമത്തായിരുന്നു. അന്ന് ഒ. രാജഗോപാലിലൂടെ ബിജെപി വിജയിച്ചപ്പോൾ വി. ശിവൻകുട്ടിക്ക് പരാജയം രുചിക്കേണ്ടി വന്നു. 2021-ൽ കൈവിട്ടുപോയ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. സമീപകാലത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ നേടാൻ കഴിഞ്ഞ മികച്ച ഭൂരിപക്ഷം (ലീഡ്) ബിജെപി ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.
The post നേമം നിലനിർത്താൻ ശിവൻകുട്ടി തന്നെ? ‘പാർട്ടി പറഞ്ഞാൽ മത്സരിക്കും’; നിലപാട് വ്യക്തമാക്കി മന്ത്രി appeared first on Express Kerala.



