
മസ്കത്ത്: വെനിസ്വേലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, അന്താരാഷ്ട്ര നിയമങ്ങളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും ബഹുമാനിക്കുന്ന ഒമാന്റെ വിദേശനയ നിലപാട് വിദേശകാര്യ മന്ത്രാലയം വീണ്ടും വ്യക്തമാക്കി. മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമായി എല്ലാ കക്ഷികളും ചർച്ചയുടെ പാത സ്വീകരിക്കണമെന്ന് ഒമാൻ ആഹ്വാനം ചെയ്തു.
സംഘർഷം ഒഴിവാക്കി സമവായത്തിലെത്തുന്നതിന് മുൻഗണന നൽകണമെന്നും, എല്ലാ പക്ഷങ്ങളും പരമാവധി ആത്മനിയന്ത്രണം പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വെനിസ്വേലൻ ജനതയുടെ സുരക്ഷ, സ്ഥിരത, സംരക്ഷണം എന്നിവയ്ക്കായിരിക്കണം പ്രാധാന്യം നൽകേണ്ടത്. അവരുടെ ന്യായമായ തെരഞ്ഞെടുപ്പുകളെയും അവകാശങ്ങളെയും മാനിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഉണ്ടാകേണ്ടതെന്നും ഒമാൻ ഓർമ്മിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ (UN) നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും ഒമാൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മുന്നോട്ടുപോകുന്നതാണ് സുസ്ഥിരമായ സമാധാനത്തിന് വഴിയൊരുക്കുകയെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
The post വെനിസ്വേലയിലെ സംഭവവികാസം: അന്താരാഷ്ട്ര നിയമങ്ങൾക്ക് പിന്തുണയുമായി ഒമാൻ appeared first on Express Kerala.



