
ഉത്തർപ്രദേശ്: സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ഉത്തർപ്രദേശ് സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഹാമിർപുർ ജില്ലയിലെ ജലവിഭവ വകുപ്പിലെ (ജൽ സൻസ്ഥാൻ) ഗ്രേഡ്-4 ജീവനക്കാരനായ അബ്ദുൾ സലാം എന്ന ആരിഫാണ് പിടിയിലായത്.
തന്നോടൊപ്പം ജോലി ചെയ്യുന്ന സഹപ്രവർത്തകയുടെ 16 വയസ്സുള്ള മകളെയാണ് പ്രതി ക്രൂരമായി ചൂഷണം ചെയ്തത്. പെൺകുട്ടിയെ പലതവണ ബലാത്സംഗം ചെയ്ത ഇയാൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളും ചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭയന്ന് കഴിഞ്ഞിരുന്ന പെൺകുട്ടി ഒടുവിൽ വിവരം അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Also Read: പാനൂരിലെ ക്ഷേത്രങ്ങളിലെ മോഷണം; പ്രതിയെ മംഗലാപുരത്തുനിന്ന് പിടികൂടി പോലീസ്
സദർ കോട്വാലി പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ബലാത്സംഗം, പോക്‌സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടിയുടെ വൈദ്യപരിശോധനയും മൊഴി രേഖപ്പെടുത്തലും പൂർത്തിയായതായി ക്രൈം ഇൻസ്‌പെക്ടർ ഡി.കെ. മിശ്ര അറിയിച്ചു. അറസ്റ്റിന് പിന്നാലെ അബ്ദുൾ സലാമിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇയാൾ സ്ഥിരം ശല്യക്കാരനായിരുന്നുവെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ആരോപിക്കുന്നു. മുൻപ് മുതിർന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും ഇയാൾക്കെതിരെ വകുപ്പുതല പരാതികൾ നിലവിലുണ്ടായിരുന്നു. തുടർച്ചയായ നിയമലംഘനങ്ങൾ നടത്തിയ ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
The post സഹപ്രവർത്തകയുടെ 16കാരിയായ മകളെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ appeared first on Express Kerala.



