മൊബൈലിൽ സന്ദേശം എത്തി; സി.സി.ടി.വി.യിൽ കുടുങ്ങിയ കൊലക്കേസ് പ്രതി ‘സ്‌പൈഡർ സാബു’ പിടിയിൽ


കൊടുങ്ങല്ലൂർ: ആളില്ലാത്ത വീട്ടിൽ മോഷണത്തിനിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ. സുൽത്താൻബത്തേരി വെങ്ങുരുക്കുന്നു പ്ലാമൂട്ടിൽ വീട്ടിൽ സാബു (55) ആണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. ‘സ്‌പൈഡർ സാബു’ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
സംഭവദിവസം വീട്ടുകാർ പുറത്തുപോയ തക്കം നോക്കി, തൊട്ടടുത്ത പറമ്പിൽനിന്ന് കമ്പിപ്പാരയെടുത്ത് പിൻഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് സാബു അകത്തുകടന്നത്. എന്നാൽ, വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞ ഉടൻതന്നെ ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപായസന്ദേശം എത്തി. ഉടൻതന്നെ ഉടമ സുഹൃത്തും നഗരസഭാ കൗൺസിലറുമായ സി.പി. രമേശനെ വിവരമറിയിക്കുകയും, അദ്ദേഹം കൊടുങ്ങല്ലൂർ പോലീസിൽ വിവരം കൈമാറുകയും ചെയ്തു.
Also Read: പരസ്ത്രീബന്ധം ചോദ്യം ചെയ്തു; സുഹൃത്തിനെ തല ചുമരിലിടിച്ച് മൂന്നാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു
വിവരമറിഞ്ഞയുടൻ എസ്.ഐ. അതുൽമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിന്നൽ വേഗത്തിൽ സ്ഥലത്തെത്തി വീട് വളഞ്ഞു. ഗേറ്റ് പൂട്ടിയ നിലയിലായിരുന്നതിനാൽ പോലീസ് മതിൽ ചാടിക്കടക്കുകയായിരുന്നു. വീടിന്റെ മുകൾനിലയിൽ വെളിച്ചം കണ്ടതോടെ മോഷ്ടാവ് അകത്തുതന്നെയുണ്ടെന്ന് പോലീസ് ഉറപ്പിച്ചു. ഇതിനിടെ മോഷ്‌ടിച്ച പണവുമായി ജനൽവഴി പുറത്തിറങ്ങാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പിടിയിലായത് കേരളത്തിൽ വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാബുവാണെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചയ്ക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ 12 മോഷണക്കേസുകളിലും 13 ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ജി.എസ്.ഐ. സജീവ്, ഡി.വി.ആർ. സി.പി.ഒ. അമൽദേവ്, സി.പി.ഒ.മാരായ ജാബിർ, മുഹീബ് റഹ്‌മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
The post മൊബൈലിൽ സന്ദേശം എത്തി; സി.സി.ടി.വി.യിൽ കുടുങ്ങിയ കൊലക്കേസ് പ്രതി ‘സ്‌പൈഡർ സാബു’ പിടിയിൽ appeared first on Express Kerala.

