എൽഡിഎഫിന് മൂന്നാം മുഴം, യുഡിഎഫിന്റേത് മലർപൊടിക്കാരന്റെ സ്വപ്‌നം; എ കെ ബാലൻ

എൽഡിഎഫിന് മൂന്നാം മുഴം, യുഡിഎഫിന്റേത് മലർപൊടിക്കാരന്റെ സ്വപ്‌നം; എ കെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയൻ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. അസാധാരണ സാഹചര്യങ്ങളിൽ പാർട്ടിയിലെ രണ്ട് ടേം വ്യവസ്ഥയിൽ മാറ്റം വരുത്താൻ സാധിക്കുമെന്നും ഇത് ‘ഇരുമ്പുലക്കയല്ല’ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വീണ്ടും മത്സരിക്കുന്നത് എൽഡിഎഫിന് വലിയ ഗുണം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര് നേതൃത്വം നൽകുന്നുവോ അവരായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹം സൂചന നൽകി. യുഡിഎഫിന്റെ 100 സീറ്റ് എന്ന മോഹം ‘മലർപൊടിക്കാരന്റെ സ്വപ്നം’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പോടെ കോൺഗ്രസ് പൂർണ്ണമായി ഛിന്നഭിന്നമാകുമെന്നും അദ്ദേഹം പ്രവചിച്ചു. രണ്ടാം പിണറായി സർക്കാർ അത്ഭുതകരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എ കെ ബാലൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുസ്ലിം ലീഗിനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾ രാഷ്ട്രീയപരമാണെന്നും അതിൽ തെറ്റില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. വെള്ളാപ്പള്ളി വിമർശിക്കുന്നത് മുസ്ലിം ലീഗിനെയാണ്. അതിൽ എന്താണ് തെറ്റുള്ളതെന്ന് അദ്ദേഹം ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളിയും തമ്മിലുള്ള തർക്കങ്ങൾ അവരുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ പാർട്ടിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണവിധേയരായ സിപിഎം നേതാക്കൾക്കെതിരെ ഉചിതമായ സമയത്ത് നടപടിയുണ്ടാകും. എന്നാൽ ഈ വിഷയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘പോറ്റിയെ കണ്ടേ, സോണിയ കണ്ടു’ എന്ന് പാടാൻ കോൺഗ്രസ് നേതാക്കൾക്ക് എന്തുകൊണ്ടാണ് നാവ് പൊന്താത്തതെന്ന് അദ്ദേഹം പരിഹസിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ ഇക്കാര്യം പാർട്ടിയെ അറിയിച്ചതാണ്. തന്റെ ഭാര്യയുടെ പേര് സ്ഥാനാർത്ഥി പട്ടികയിലേക്ക് വലിച്ചിഴച്ചതിനെയും അദ്ദേഹം വിമർശിച്ചു.

See also  ധാക്കയിൽ പാക് തകർച്ച; നഹീദ് റാണയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ പാകിസ്ഥാൻ 114-ന് പുറത്ത്

The post എൽഡിഎഫിന് മൂന്നാം മുഴം, യുഡിഎഫിന്റേത് മലർപൊടിക്കാരന്റെ സ്വപ്‌നം; എ കെ ബാലൻ appeared first on Express Kerala.

Spread the love

New Report

Close