
ചെന്നൈ: തിരുപ്രംകുണ്ട്രം മലയിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാമെന്ന ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ദീപം തെളിക്കുന്നത് തടയാൻ ശ്രമിച്ച തമിഴ്നാട് സർക്കാരിന്റെ വാദങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചു. വർഷത്തിൽ ഒരിക്കൽ ദീപത്തൂണിൽ ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാന അന്തരീക്ഷം തകരുമെന്ന സർക്കാരിന്റെ വാദം അവിശ്വസനീയവും അസംബന്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങൾ തടയാൻ ക്രമസമാധാന പ്രശ്‌നങ്ങൾ ഒരു കാരണമായി പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവ് ശരിയാണെന്നും അത് നടപ്പിലാക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ.രാമകൃഷ്ണൻ എന്നിവരടങ്ങുന്ന മധുര ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മധുര തിരുപ്രംകുണ്ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു തമിഴ് പാർട്ടി നേതാവ് രാമ രവികുമാറാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി അനുമതി നൽകിയെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല. അതേസമയം നൂറിലധികം വർഷമായി തുടർച്ചയായി ദീപം തെളിച്ചിരുന്നു എന്നാണ് പരാതിക്കാർ വാദിക്കുന്നത്.
The post ‘അസംബന്ധവും അവിശ്വസനീയവും’; തമിഴ്നാട് സർക്കാരിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം appeared first on Express Kerala.



