
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയിലെ നിർബന്ധിത വേതന പരിധി പുതുക്കി നിശ്ചയിക്കുന്ന കാര്യത്തിൽ നിർണ്ണായക നീക്കവുമായി സുപ്രീം കോടതി. 11 വർഷമായി മാറ്റമില്ലാതെ തുടരുന്ന 15,000 രൂപ എന്ന പരിധി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി.
വേതന പരിധി സംബന്ധിച്ച് നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.എസ്. ചന്ദുകർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 2014 മുതൽ പ്രതിമാസം 15,000 രൂപയാണ് ഇപിഎഫ് പരിധി. ഇതിൽ കൂടുതൽ ശമ്പളമുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തൊഴിലുടമകൾക്ക് നിയമപരമായ ബാധ്യതയില്ല. ഇത് വലിയൊരു വിഭാഗം തൊഴിലാളികളെ സാമൂഹിക സുരക്ഷാ പദ്ധതിക്ക് പുറത്താക്കുന്നു. വിലക്കയറ്റം, മിനിമം വേതനം എന്നിവയുമായി നിലവിലെ പരിധി ഒത്തുപോകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നവീൻ പ്രകാശ് നൗത്യാലാണ് കോടതിയെ സമീപിച്ചത്.
Also Read: മഴയെത്തുന്നു! മധ്യ-തെക്കൻ കേരളത്തിൽ ജാഗ്രത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഇപിഎഫ്ഒ ബോർഡും പാർലമെന്ററി സമിതിയും പരിധി ഉയർത്താൻ ശുപാർശ ചെയ്തിട്ടും സർക്കാർ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് കോടതി ഇടപെടൽ. രണ്ടാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിന് നിവേദനം നൽകാൻ ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ അടുത്ത നീക്കം ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് നിർണ്ണായകമാകും.
The post ഇപിഎഫ് വേതന പരിധി പരിഷ്കരിക്കണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നാല് മാസത്തെ സമയപരിധി appeared first on Express Kerala.



