September 10, 2026

ജനുവരി മുതല്‍ യാത്ര ചെലവേറും,യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ ഡബ്ലിനിൽ പ്രതിഷേധവുമായി കൗണ്‍സില്‍

ജനുവരി മുതല്‍ യാത്ര ചെലവേറും,യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ ഡബ്ലിനിൽ പ്രതിഷേധവുമായി കൗണ്‍സില്‍

ഡബ്ലിന്‍: ജീവിതച്ചെലവ് കുതിച്ചുയരുന്നതിനിടെ ബസ്, ട്രെയിന്‍, ലുവാസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഡബ്ലിനില്‍ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, ഗ്രീന്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റ്‌സ് അംഗങ്ങള്‍ മുന്നോട്ടുവച്ച അടിയന്തര പ്രമേയങ്ങള്‍ക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പിന്തുണ ലഭിച്ചു. വര്‍ധന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ ടി എയ്ക്കും ഗതാഗതമന്ത്രി ദാരാ ഒബ്രയനും കത്തെഴുതാനും കൗണ്‍സില്‍ തീരുമാനിച്ചു. ഫിന ഫാള്‍ അംഗമായ ഡാരില്‍ ബാരനാണ് നിലവിലെ ഡബ്ലിന്‍ ലോര്‍ഡ് മേയര്‍.

എന്‍ ടി എ സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിച്ച പുതിയ നിരക്ക് സംവിധാനം 2027 ജനുവരി മുതല്‍ നടപ്പാക്കാനാണ് തീരുമാനം. മുതിര്‍ന്നവരുടെ പൊതുഗതാഗത നിരക്കുകള്‍ രാജ്യവ്യാപകമായി ശരാശരി 15 ശതമാനം ഉയരും. ഡബ്ലിനില്‍ ബസ്, ലുവാസ്, ഡാര്‍ട്ട് എന്നിവ മാറിമാറി ഉപയോഗിക്കാവുന്ന ജനപ്രിയ 90 മിനിറ്റ് ലീപ്പ് നിരക്ക് €2ല്‍ നിന്ന് €2.30 ആയി ഉയരും. അതേസമയം ചെറിയ ദൂരയാത്രയ്ക്കുള്ള നിരക്ക് €1.50ല്‍ നിന്ന് €2 ആയി, അഥവാ 33 ശതമാനം വര്‍ധിക്കും. കാഷ് നിരക്കുകള്‍ക്കും ലീപ്പ് കാര്‍ഡ് നിരക്കുകള്‍ക്കും ആഴ്ച, മാസം തുടങ്ങിയ സീസണ്‍ ടിക്കറ്റുകള്‍ക്കും മാറ്റം ബാധകമാകും.

See also  നിതിൻ രാജിന്‍റെ മരണം: കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി

വര്‍ധന ഡബ്ലിനില്‍ മാത്രം ഒതുങ്ങുന്നതല്ല. ഡബ്ലിന്‍ കമ്മ്യൂട്ടര്‍ മേഖലയിലെ ഭൂരിഭാഗം നിരക്കുകളും ശരാശരി 15 ശതമാനം ഉയരും. രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ മുതിര്‍ന്നവരുടെ ലീപ്പ് നിരക്ക് 10 ശതമാനം വര്‍ധിച്ച് €1.65 ആകുകയും കാഷ് നിരക്ക് €2.30 ആകുകയും ചെയ്യും. ഗാല്‍വേ, ലിമറിക്, വാട്ടര്‍ഫോര്‍ഡ് നഗരങ്ങളില്‍ മുതിര്‍ന്നവരുടെ ലീപ്പ് നിരക്ക് 10 ശതമാനം ഉയര്‍ന്ന് €1.70 ആകും; എന്നാല്‍ കോര്‍ക്ക് സിറ്റി ബസ് നിരക്കുകളില്‍ നിലവില്‍ മാറ്റമില്ല. ബസ് ഏറന്‍ ദീര്‍ഘദൂര സര്‍വീസുകളില്‍ ശരാശരി 15 ശതമാനവും ഇന്റര്‍സിറ്റി റെയിലിലെ എക്‌സ്പ്രസ് നിരക്കുകളില്‍ 10 ശതമാനവും ഇക്കോണമി നിരക്കുകളില്‍ പരമാവധി 20 ശതമാനം വരെയും വര്‍ധന വരും. ടി എഫ് ഐ ലോക്കല്‍ ലിങ്ക് സിംഗിള്‍ നിരക്കുകളും ശരാശരി 15 ശതമാനം ഉയരും.

എന്നാല്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിലവിലുള്ള 50 ശതമാനം നിരക്കിളവ് തുടരുമെന്ന് എന്‍ ടി എ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പത് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സൗജന്യയാത്രയും 66 വയസ്സിനു മുകളിലുള്ളവരുടെയും ഫ്രീ ട്രാവല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെയും സൗജന്യയാത്രയും തുടരും. 2018ന് ശേഷമുള്ള ആദ്യത്തെ വ്യാപക നിരക്ക് പരിഷ്‌കാരമാണിതെന്നാണ് എന്‍ ടി എയുടെ വിശദീകരണം.

See also  മൊബൈലിൽ സന്ദേശം എത്തി; സി.സി.ടി.വി.യിൽ കുടുങ്ങിയ കൊലക്കേസ് പ്രതി ‘സ്‌പൈഡർ സാബു’ പിടിയിൽ

2022 മുതല്‍ രാജ്യത്ത് വിലക്കയറ്റം 20.8 ശതമാനമായെന്നും വാഹനങ്ങള്‍, ഇന്ധനം, ജീവനക്കാര്‍, സര്‍വീസ് വിപുലീകരണം എന്നിവയുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്താന്‍ അധിക വരുമാനം ആവശ്യമാണെന്നുമാണ് അതോറിറ്റിയുടെ വാദം. നിരക്ക് വര്‍ധിച്ചാലും യാത്രാനിരക്കുകള്‍ എട്ടു വര്‍ഷം മുമ്പത്തേക്കാള്‍ ഏകദേശം എട്ട് ശതമാനം താഴെയായിരിക്കുമെന്നും എന്‍ ടി എ പറയുന്നു.

ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജോലി, പഠനം, ആശുപത്രി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ദിവസേന പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്കുമേല്‍ അധികഭാരം ചുമത്തുന്നതാണ് തീരുമാനമെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. സ്വകാര്യകാറുകളുടെ ഉപയോഗവും നഗരത്തിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കണമെന്ന് സര്‍ക്കാര്‍ പറയുന്നതിനിടെ പൊതുഗതാഗതം കൂടുതല്‍ ചെലവേറിയതാക്കുന്നത് ആ ലക്ഷ്യത്തിന് വിരുദ്ധമാണെന്നാണ് അവരുടെ വാദം.

 വിഷയത്തില്‍ വിശദീകരണം തേടി സെപ്റ്റംബര്‍ 16ന് ഹാജരാകാന്‍ ഒയ്‌റക്ടസ് ഗതാഗത സമിതി എന്‍ ടി എയെ ക്ഷണിച്ചിട്ടുണ്ട്. ഡബ്ലിന്‍ മേഖലയിലെ മറ്റ് കൗണ്‍സിലുകളിലും സമാന പ്രമേയങ്ങള്‍ ഉയരുമെന്ന സൂചനകള്‍ക്കിടെ, ജനുവരിയിലെ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന സമ്മര്‍ദം സര്‍ക്കാരിനും എന്‍ ടി എയ്ക്കും മേല്‍ കൂടുതല്‍ ശക്തമാകുകയാണ്.

Spread the love