
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക–സുരക്ഷാ മേഖലകളിൽ വനിതാ ശാക്തീകരണത്തിന്റെ പുതിയൊരു അധ്യായം കുറിച്ച് ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ-ഷലീൻ രാജ്യത്തിന്റെ ആദ്യ വനിതാ പൊലീസ് പൈലറ്റാകാനുള്ള ഒരുക്കത്തിലാണ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് ഏവിയേഷൻ വിംഗിന്റെ പ്രതിനിധിയായി വ്യോമയാന ശാസ്ത്രത്തിൽ പരിശീലനം നേടുന്നതിനായി ദാന ഗ്രീസിലേക്ക് യാത്രതിരിച്ചു.
കുവൈത്തിലെ സൈനിക സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ പൊലീസ് പൈലറ്റാകാനുള്ള ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സൈനിക ഉദ്യോഗസ്ഥരുടെ കഴിവ് വർധിപ്പിക്കുന്നതിനായി ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയിലൂടെയാണ് ഈ അവസരം ലഭിച്ചത്.
Also Read: കുവൈത്തിന്റെ പുതിയ സിവിൽ ഐഡി നിയമം; നിക്ഷേപകർക്കും വസ്തു ഉടമകൾക്കും ദീർഘകാല സാധുത
ഗ്രീസിലെ പരിശീലന കാലയളവിൽ ദാന അൽ-ഷലീൻ വ്യോമയാന മേഖലയിലെ ആധുനിക അക്കാദമിക് പഠനങ്ങളോടൊപ്പം പ്രായോഗിക പറക്കൽ പരിശീലനവും നേടും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷം, കുവൈത്ത് പൊലീസ് ഏവിയേഷൻ വിംഗിൽ പൈലറ്റ് ഓഫീസറായി സേവനമനുഷ്ഠിക്കാൻ അവർക്കാകും.
The post കുവൈത്ത് ചരിത്രത്തിൽ പുതിയ നേട്ടം; ആദ്യ വനിതാ പൊലീസ് പൈലറ്റായി ഫസ്റ്റ് ലഫ്റ്റനന്റ് ദാന അൽ ഷലീൻ appeared first on Express Kerala.



