
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയിൽ നിന്ന് നാല് സീറ്റുകൾ ആവശ്യപ്പെടാൻ തൃണമൂൽ കോൺഗ്രസ്. പി വി അൻവറിനെ കൂടാതെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ, കെ ടി അബ്ദുറഹ്‌മാൻ എന്നിവരെയാണ് സ്ഥാനാർത്ഥികളായി പാർട്ടി വിഭാവനം ചെയ്യുന്നത്. കേരളത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തൃണമൂൽ കോൺഗ്രസ് ഈ നീക്കം നടത്തുന്നത്.
യുഡിഎഫിനോട് ആവശ്യപ്പെടാൻ ഉദ്ദേശിക്കുന്ന നാല് സീറ്റുകളും അവിടെ മത്സരിക്കേണ്ട സ്ഥാനാർത്ഥികളെയും തൃണമൂൽ കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ട്. പി വി അൻവറിനായി ബേപ്പൂർ അല്ലെങ്കിൽ തവനൂർ സീറ്റുകളാണ് പാർട്ടി ലക്ഷ്യമിടുന്നത്. പൂഞ്ഞാർ സീറ്റിൽ സജി മഞ്ഞക്കടമ്പനെയും, തൃക്കരിപ്പൂരിൽ നിസാർ മേത്തറെയും, കുന്ദമംഗലത്ത് കെ ടി അബ്ദുറഹ്‌മാനെയും സ്ഥാനാർത്ഥികളാക്കാനാണ് പദ്ധതി.
Also Read: രാഹുലിന്റേത് കൊടും ക്രൂരത; കോൺഗ്രസ് കുറ്റകൃത്യം മറച്ചു വെച്ചു;, കെ കെ ശൈലജ
സ്ഥാനാർത്ഥികളിൽ പ്രമുഖരായ സജി മഞ്ഞക്കടമ്പൻ കേരള കോൺഗ്രസ് (എം) യുവജന വിഭാഗത്തിന്റെ മുൻ നേതാവാണ്. പട്ടികയിലുള്ള നിസാർ മേത്തർ പിഡിപി വിട്ടാണ് തൃണമൂൽ കോൺഗ്രസിൽ എത്തിയത്. സീറ്റ് വിഭജന ചർച്ചകൾക്കായി പി വി അൻവർ ഈ മാസം എട്ടിനോ ഒൻപതിനോ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തും. തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്ന നാല് സീറ്റുകളെ സംബന്ധിച്ച ഔദ്യോഗികമായ ആവശ്യം ഈ ചർച്ചയിൽ അദ്ദേഹം മുന്നോട്ട് വെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The post അൻവറിനായി ബേപ്പൂർ അല്ലെങ്കിൽ തവനൂർ; വി ഡി സതീശനുമായി നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പി വി അൻവർ appeared first on Express Kerala.



