
ആക്രമിച്ച് കീഴടക്കാൻ പറ്റാത്ത രാജ്യങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് ഭരണകൂടത്തെ അട്ടിമറിക്കുക എന്നത്, അമേരിക്കയുടെ ഒരു ശീലമാണ്. ആ ശീലം, മറ്റൊരു രാജ്യത്തിൻ്റെ പ്രസിഡൻ്റിനെ തന്നെ തട്ടി കൊണ്ടു പോകുന്ന ഗുണ്ടാ പണിയിൽ എത്തി നിൽക്കുമ്പോൾ, ഐക്യരാഷ്ട്ര സഭയുടെ പ്രസക്തി തന്നെയാണ് നഷ്ടമായിരിക്കുന്നത്. ഇനി എന്ത് അന്താരാഷ്ട്ര നിയമം, എന്ത് ഐക്യ രാഷ്ട്ര സഭ എന്നു തന്നെ ചോദിക്കേണ്ടതായി വരും. വെനസ്വേല പ്രസിഡൻ്റിനെ തട്ടി കൊണ്ട് പോയതിന് പിന്നാലെ, ഇപ്പോൾ ഇറാനിൽ ആഭ്യന്തര സംഘർഷം സൃഷ്ടിച്ച് ഇടപെടാനാണ് അമേരിക്കയും ഇസ്രയേലും തയ്യാറായിരിക്കുന്നത്. അതിൻ്റെ എഫക്ടാണ് ഇപ്പോൾ ഇറാനിൽ കാണുന്ന പ്രതിഷേധ പ്രകടനങ്ങൾ. ഉപരോധം തീർത്ത് സാമ്പത്തികമായി ഇറാനെ വരിഞ്ഞ് മുറുക്കിയ അമേരിക്കൻ സാമ്രാജ്യത്വം, ചാരൻമാരെ ഇറക്കി പ്രതീഷേധ തീ പടർത്തിയാണ് ഇറാനിൽ അട്ടിമറിക്ക് ശ്രമിച്ചിരിക്കുന്നത്.
പാശ്ചാത്യ മാധ്യമങ്ങളെ ഉപയോഗിച്ച് ഇറാൻ ഭരണകൂടത്തിന് എതിരെ വ്യാപക പ്രചരണങ്ങളും അമേരിക്കയും ഇസ്രയേലും പടച്ച് വിട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഈ നീക്കങ്ങളെ ഗൗരവമായി കണ്ട് ശക്തമായ നടപടി സ്വീകരിച്ച ഇറാൻ ഭരണകൂടം അമേരിക്കയുടെ കണക്ക് കൂട്ടലുകളാണ് ഇപ്പോൾ തെറ്റിച്ചിരിക്കുന്നത്.
സ്വന്തം രാജ്യത്തെ, ശത്രു രാജ്യങ്ങൾക്ക് വേണ്ടി തകർക്കാൻ കൂട്ട് നിൽക്കുന്ന ഏത് കലാപകാരികളെയും ഇല്ലാതാക്കാൻ ഇറാൻ ഭരണകൂടത്തിന് അവകാശമുണ്ട്. അത് ചോദ്യം ചെയ്യാൻ ലോകത്തെ ഒരു രാജ്യത്തിനും അവകാശമില്ല. മഡൂറയെ തട്ടി കൊണ്ടു പോയപ്പോൾ ഉയരാത്ത നാവുകൾ, ഇറാൻ ഭരണകൂടത്തിന് എതിരെ ഉയർന്നാൽ, അത് ആരും തന്നെ വകവയ്ക്കാൻ പോകുന്നുമില്ല.
ഇറാനിലെ പ്രക്ഷോഭകരെ തൊട്ടാൽ ഇടപെടുമെന്ന അമേരിക്കൻ ഭീഷണിയെ, ആ പ്രക്ഷോഭത്തെ തന്നെ അടിച്ചമർത്തുന്ന നടപടി സ്വീകരിച്ചുകൊണ്ടാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് എതിരെ പ്രതിഷേധിക്കാനുള്ള പൗരൻമാരുടെ നടപടിയെ ഇറാൻ ഭരണകൂടം പിന്തുണച്ചിട്ടുണ്ട്. അവർ അടിച്ചമർത്തുന്നത് ഈ പ്രക്ഷോഭത്തിന് ഇടയിൽ കയറി കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന കലാപകാരികളെ മാത്രമാണ്. ഇത്തരത്തിൽപ്പെട്ട 1200 പേരാണ് വധിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രക്ഷോഭത്തിന് ഇറങ്ങുന്നവരിൽ ബഹുഭൂരിപക്ഷത്തിനും, അമേരിക്കയും ഇസ്രായേലും തീർത്ത കെണിയിലാണ് തങ്ങൾ കൂടുങ്ങിയിരിക്കുന്നതെന്നത് ഇതുവരെ മനസ്സിലായിട്ടില്ല.
ഇറാഖിനെ പോലെ ഇറാനെയും തകർക്കാനുള്ള അമേരിക്കയുടെ അജണ്ടയ്ക്ക് എതിരെ എന്തായാലും പൊരുതാൻ തന്നെയാണ് ഇറാൻ്റെ തീരുമാനം. അമേരിക്ക ഇടപെട്ടാൽ ഒരേസമയം, ഇസ്രയേലിനെയും അമേരിക്കൻ താവളങ്ങളെയും ആക്രമിക്കാനാണ് ഇറാൻ പദ്ധതി. അങ്ങനെ സംഭവിച്ചാൽ, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വലിയ നാശത്തിലാണ് അത് കലാശിക്കുക.
പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയാണ് ഇറാൻ. മുട്ടാൻ ശ്രമിച്ചാൽ, അമേരിക്കയും വിവരമറിയും. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമാണ് ഇറാൻ ഭരണകൂടത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നതും, ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. ആറ് മാസം മുൻപ് ഇറാനെ ആക്രമിച്ച് കൈ പൊള്ളിയ അനുഭവത്തിൽ നിന്നും അമേരിക്കയും ഇസ്രയേലും ഇനിയും പാഠം പഠിച്ചില്ലങ്കിൽ, ഒരുകാലത്തും മായ്ക്കാൻ കഴിയാത്ത ഒരടയാളം ഈ രാജ്യങ്ങൾക്ക് ഇറാൻ സൈന്യം എന്തായാലും നൽകുക തന്നെ ചെയ്യും.
പശ്ചിമേഷ്യയിലെ ഓരോ അമേരിക്കൻ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യമായിരിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്. ബഹ്‌റൈനിലെ അമേരിക്കൻ നാവികസേനാ കപ്പലുകൾ ചാരമാക്കാൻ ഇറാന് നിമിഷ നേരം മാത്രം മതിയാകും. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചാൽ, ലോക വ്യാപാരം തന്നെയാണ് സ്തംഭിക്കുക.
പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് നിരവധി വ്യോമ-നാവിക താവളങ്ങളുണ്ട്. ഇവിടങ്ങളിൽ പതിനായിരക്കണക്കിന് സൈനികരും ഉണ്ട്. ഇറാനെ തൊട്ടാൽ, അവർ ലക്ഷ്യം വയ്ക്കുന്ന ആദ്യ ടാർഗറ്റുകളും ഇതായിരിക്കും. ഈ മേഖലയിലെ വിവിധ സൈനിക താവളങ്ങളിലായി നാൽപതിനായിരത്തോളം സൈനികരും നിരവധി യുദ്ധക്കപ്പലുകളുമാണ് അമേരിക്കയ്ക്ക് ഉള്ളത്.
അമേരിക്കൻ മിലിട്ടറി സെൻട്രൽ കമാൻഡിന് കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്. ഖത്തറിലെ അൽ ഉദൈദ് എയർ ബേസ്, ബഹ്‌റൈനിലെ യുഎസ് നാവികസേന അഞ്ചാം കപ്പൽ വ്യൂഹത്തിന്റെ താവളം, ഇറാഖിലെ അൽ അസദ് എയർ ബേസ്, ഹരീർ എയർ ബേസ്, ദക്ഷിണ സിറിയയിലെ അൽ ടാൻഫ് ഗാരിസൺ സൈനിക താവളം, കുവൈത്തിലെ അലി അൽ-സാലെം എയർ ബേസ്, യുഎഇയിലെ അൽ ദഫ്ര എയർ ബേസ് എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നതാണ്.
അമേരിക്കയുട സുപ്രധാന സൈനിക കേന്ദ്രമാണ് ബഹ്‌റൈനിലുള്ളത്. നാവികസേനാ സെൻട്രൽ കമാൻഡിന്റെയും അഞ്ചാം കപ്പൽ വ്യൂഹത്തിന്റെയും ആസ്ഥാനവും ബഹ്‌റൈനിലാണ്. ബഹ്റൈൻ തുറമുഖത്ത് വിമാനവാഹിനി കപ്പലുകൾ ഉൾപ്പെടെയുള്ള ഏറ്റവും വലിയ അമേരിക്കൻ യുദ്ധക്കപ്പലുകളും ആന്റി മൈൻ കപ്പലുകളും അടക്കമുള്ളവയുമുണ്ട്. മാത്രമല്ല, കോസ്റ്റ് ഗാർഡ് കപ്പലുകളും ഇവിടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1948 മുതൽ അമേരിക്ക നാവികസേനയ്ക്ക് ഇവിടെ താവളമുണ്ട്.
പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമായ അൽ ഉദൈദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത് ഖത്തറിലാണ്. ഇവിടെ യുഎസ് മിലിട്ടറി സെൻട്രൽ കമാൻഡിന്റെ വ്യോമസേനാ വിഭാഗങ്ങളടക്കം പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെ 379-മത് എയർ എക്‌സ്‌പെഡിഷനറി വിങ്ങും ഇവിടെ പ്രവർത്തിക്കുന്നു. അത്യാധുനിക യുദ്ധവിമാനങ്ങളും ഇവിടെയുണ്ട്. ഈ തന്ത്ര പ്രധാന താവളത്തിലാണ് ആറ് മാസം മുൻപ് ഇറാൻ്റെ മിസൈൽ പതിച്ചിരുന്നത്.
അൽ അസദ്, അൽ ഹരീർ വ്യോമതാവളങ്ങൾ അടക്കം അമേരിക്കയുടെ ഒട്ടേറെ സൈനിക താവളങ്ങൾ ഇറാഖിലുണ്ട്. 2003ലെ യുദ്ധത്തിനു ശേഷം അമേരിക്കയുമായി അടുത്ത ബന്ധമാണ് ഇറാഖിനുള്ളത്. ഐഎസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി രാജ്യത്ത് ഏകദേശം 2,500 അമേരിക്കൻ സൈനികരും നിലവിലുണ്ട്. റവല്യൂഷണറി ഗാർഡ് തലവൻ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനു ശേഷം അൽ അസദ് വ്യോമതാവളവും അൽ ഹരീർ വ്യോമതാവളവും ഇറാൻ മുൻപും ലക്ഷ്യമിട്ടിട്ടുള്ളതാണ്.
ഐഎസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി വർഷങ്ങളായി സിറിയയിൽ അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. തെക്കൻ സിറിയയിൽ ഇറാഖ്, ജോർദാൻ അതിർത്തിക്കടുത്തായാണ് അമേരിക്കയുടെ അൽ താൻഫ് സൈനിക താവളം പ്രവർത്തിക്കുന്നത്.
Also Read: ഫിഡലിനും ചെ ഗുവേരയ്ക്കും ശേഷം മഡുറോ! ലാറ്റിൻ അമേരിക്കൻ വിപ്ലവ ചരിത്രത്തിലെ പുതിയ ഇതിഹാസമോ?
ഇറാഖ് അതിർത്തിയിൽ നിന്ന് 20 കി.മീ ദൂരെയുള്ള അലി അൽ-സലീം വ്യോമതാവളം അടക്കം നിരവധി സൈനിക താവളങ്ങൾ കുവൈത്തിലുമുണ്ട്. അമേരിക്കൻ മിലിട്ടറി സെൻട്രൽ കമാൻഡിന്റെ ക്യാംപ് അരിഫ്ജാനും കുവൈത്തിലാണ്. അമേരിക്ക ഇവിടെ വലിയതോതിൽ യുദ്ധസാമഗ്രികൾ ശേഖരിച്ചിട്ടുള്ളതായും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഇതിനു പുറമെ, യുഎഇയിലെ അൽ ദഫ്ര വ്യോമതാവളവും അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രമാണ്. വ്യോമസേനയുടെ 380 എയർ എക്‌സ്‌പെഡിഷനറി വിങ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. എഫ്-22 റാപ്റ്റർ യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പറുകളും വിവിധ നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും ഇവിടെയുണ്ട്. വ്യോമ, മിസൈൽ പ്രതിരോധ പരിശീലനത്തിനായുള്ള ഗൾഫ് എയർ വാർഫെയർ സെന്ററും അൽ ദഫ്രയിൽ പ്രവർത്തിക്കുന്നുണ്ട്.
ഈ പറഞ്ഞ സകല അമേരിക്കൻ താവളങ്ങളും ചാമ്പലാക്കാൻ ശേഷിയുള്ള മാരക മിസൈലുകളാണ് ഇറാൻ ഇപ്പോൾ വിന്യസിച്ചിരിക്കുന്നത്. ഒരു പ്രതിരോധ സംവിധാനത്തിനും തകർക്കാൻ കഴിയാത്ത ഇത്തരം മിസൈലുകൾ ഇറാൻ തൊടുത്താൽ, പിന്നെ സംഭവിക്കാൻ പോകുന്നത് എന്താണ് എന്നത് ചിന്തിക്കാൻ പോലും സാധിക്കുന്നതല്ല. ഇറാൻ – അമേരിക്ക സംഘർഷം പൊട്ടി പുറപ്പെട്ടാൽ, ഉത്തര കൊറിയയും യുദ്ധമുഖത്ത് ഇറങ്ങുമെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ആണവായുധ രാജ്യമായ ഉത്തര കൊറിയയുടെ പക്കൽ, അമേരിക്കയെ ഇല്ലാതാക്കാനുള്ള നിരവധി ആണവ മിസൈലുകളാണ് ഉള്ളത്. മഡൂറയെ തട്ടി കൊണ്ടു പോയ അമേരിക്കൻ നടപടിയിൽ വിറളി പിടിച്ച് നിൽക്കുന്ന കിം ജോങ് ഉൻ എന്തും ചെയ്യാൻ മടിക്കാത്ത ഭരണാധികാരി ആയതിനാൽ, വൈറ്റ് ഹൗസിന് നേരെ മിസൈൽ പ്രയോഗിച്ചാലും അത്ഭുതപ്പെടാനില്ല. ട്രംപ് വട്ടനാണെങ്കിൽ, മുഴുവട്ടനാണ് കിം ജോങ് ഉൻ എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചിരിക്കുന്നത്. അതു കൊണ്ട്, ട്രംപിൻ്റെ ഭ്രാന്തൻ കളി ഇനിയും പുറത്തെടുത്താൽ അമേരിക്ക എന്ന രാജ്യത്തിൻ്റെ തന്നെ അവസാനത്തിലാണ് അത് കലാശിക്കാൻ പോകുന്നത്.
വീഡിയോ കാണാം:
The post വെനസ്വേലയല്ല ഇറാൻ, തൊട്ടാൽ അമേരിക്കൻ താവളങ്ങൾ ആക്രമിക്കും, മിസൈലുകൾ തയ്യാറാക്കി വെല്ലുവിളി ! appeared first on Express Kerala.



