
കോഴിക്കോട് ദേശീയപാത 66 വെങ്ങളം–രാമനാട്ടുകര റീച്ചിലുൾപ്പെടുന്ന പന്തീരാങ്കാവ് ടോൾ പ്ലാസയിൽ പ്രവർത്തനങ്ങൾ സജീവമാകുന്നു. നിലവിൽ ടോൾ പിരിവിന്റെ ട്രയൽ റൺ ആരംഭിച്ചു കഴിഞ്ഞു. ജനുവരി 15-ന് ശേഷം ഔദ്യോഗികമായി പണം ഈടാക്കി തുടങ്ങാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
ടോൾ പ്ലാസകളിൽ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നവർക്ക് ഇളവുകൾ ലഭിക്കും. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് ഉയർന്ന തുകയാകും ഈടാക്കുക. കാർ, ജീപ്പ്, വാൻ , ലൈറ്റ് മോട്ടർ വെഹിക്കിളുകൾക്ക് ഒരു വശത്തേക്ക് 90 രൂപ ഫാസ്ടാഗ് നിരക്ക് ഈടാക്കുമ്പോൾ യുപിഐയിൽ നൽകുകയാണെങ്കിൽ അത് 112.5 രൂപയും കറൻസിയായി നൽകിയാൽ 180 രൂപയും ആകും. ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നതിലൂടെ യാത്രാച്ചെലവിൽ പകുതിയോളം ലാഭിക്കാൻ സാധിക്കും. പണമായി നൽകുന്നവർ ഫാസ്റ്റ് ടാഗ് നിരക്കിന്റെ ഇരട്ടി തുക നൽകേണ്ടി വരും.
Also Read: എംഎസ്സി കപ്പൽ അപകടം; 1227 കോടി കെട്ടിവെച്ച് കമ്പനി
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് രേഖകൾ ഹാജരാക്കിയാൽ 340 രൂപയ്ക്ക് പ്രതിമാസ പാസ് എടുക്കാം. ഈ പാസ് ഉപയോഗിച്ച് ഒരു മാസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. വാർഷിക പാസ് സ്വകാര്യ കാറുകൾക്ക് 3000 രൂപയ്ക്ക് ഒരു വർഷത്തേക്ക് 200 തവണ യാത്ര ചെയ്യാവുന്ന പാസ് ലഭ്യമാണ്. രാജ്‌മാർഗ് യാത്ര ആപ്പ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുലെ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ആദ്യത്തെ മൂന്ന് മാസത്തെ ടോൾ പിരിവ് ചുമതല. ഈ കാലാവധിക്ക് ശേഷം പുതിയ ടെൻഡർ വിളിച്ച് സ്ഥിരമായ സംവിധാനം ഏർപ്പെടുത്തും.
The post പന്തീരങ്കാവിൽ ടോൾ പിരിവ് ഉടൻ തുടങ്ങും; ട്രയൽ റൺ ആരംഭിച്ചു appeared first on Express Kerala.



