
സി.പി.എമ്മിൻ്റെ ചാനൽ മുഖമായ റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം സി.പി.എം നേതൃത്വത്തിനാണ്. സി.പി.എം നേതൃത്വത്തിൻ്റെ കഴിവുകേടാണ്, ഇപ്പോൾ റെജിലൂക്കോസിനെ ബി.ജെ.പി ആസ്ഥാനത്ത് എത്തിച്ചത് എന്നുവേണം കരുതാൻ. ചാനൽ ചർച്ചകളിൽ സി.പി.എം പ്രതിനിധികളെ നിശ്ചയിച്ച് അയക്കുന്നത് എ.കെ.ജി സെൻ്ററിൽ നിന്നാണ്. പറയേണ്ട കാര്യങ്ങളും അവിടെ നിന്നാണ് കൃത്യമായി ബ്രീഫ് ചെയ്ത് കൊടുക്കുക.
ഇവിടെ റെജി ലൂക്കോസ് പോലുളള സി.പി.എം അനുകൂലികൾ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്, എ.കെ.ജി സെൻ്ററിൽ നിന്നുള്ള നിർദ്ദേശ പ്രകാരം അല്ലെങ്കിലും, ഇവർ പറയുന്ന വാക്കുകളെ സി.പി.എം നിലപാടായാണ് ചാനലുകൾ ചിത്രീകരിക്കാറുള്ളുത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മറ്റ് പാനലിസ്റ്റുകളും ആ നിലയിൽ കണ്ട് തന്നെയാണ് മറുപടിയും പറയാറുള്ളത്. ഇത് വർഷങ്ങളായി നടക്കുന്ന സംഭവവുമാണ്. ഇങ്ങനെ ഇടത് നിരീക്ഷകരായി ചർച്ചയിൽ പങ്കെടുക്കുന്നവരുടെ നിലപാടുകൾ പാർട്ടി നിലപാട് അല്ലന്നും, സി.പി.എം ഇവരെ നിയോഗിച്ചിട്ടില്ലന്നും, എപ്പോഴെങ്കിലും സി.പി.എം നേതൃത്വം പറഞ്ഞിട്ടുണ്ടോ ? അങ്ങനെ സി.പി.എം പരസ്യമായ ഒരു നിലപാട് സ്വീകരിക്കാതിരുന്നത് കൊണ്ടാണ്, റെജി ലൂക്കോസുമാരെ… വീണ്ടും വീണ്ടും ചാനൽ ചർച്ചകളിൽ, ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കാൻ ചാനലുകൾക്ക് കഴിഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വലിയ ഒരു സിപി.എം നേതാവ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു എന്ന തരത്തിലുള്ള ഒരു പബ്ലിസിറ്റിയും ഈ കൂട് മാറ്റത്തിന് ഇപ്പോൾ ചാനലുകൾ തന്നെ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഇതൊരു വലിയ വാർത്തയായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

ബി.ജെ.പിയിലാണ് റെജി ലൂക്കോസ് ചേർന്നതെങ്കിലും, ബി.ജെ.പിക്കാർ മാത്രമല്ല, കോൺഗ്രസ്സുകാരും ലീഗുകാരും വരെ, ഈ സംഭവത്തെ ഇപ്പോൾ സി.പി.എമ്മിനെ അടിക്കാനുള്ള ഒരു വടിയാക്കി മാറ്റിയിട്ടുണ്ട്. വാർത്താ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയകളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ്, അവിടങ്ങളിൽ കൃത്യമായി ഇടപെടാൻ, സി.പി.എം നേതൃത്വം പാർട്ടി നേതാക്കളെയും കേഡറുകളെയും നിയോഗിക്കാതിരുന്നതിൽ വന്ന വീഴ്ചയുടെ പരിമിത ഫലം തന്നെയാണിത്.
ചാനലുകളിൽ പോയി കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിയുന്ന സമർത്ഥരായ അനവധി പേർ സി.പി.എമ്മിലുണ്ട്. ഇക്കാര്യത്തിൽ സി.പി.എമ്മിന് ഉള്ള പോലുള്ള നേതാക്കൾ മറ്റു പാർട്ടികൾക്കില്ല എന്നു തന്നെ പറയേണ്ടി വരും. എന്നിട്ടും അവർ അത് ഉപയോഗപ്പെടുത്താറില്ല എന്നതാണ് യാഥാർത്ഥ്യം.
ഇപ്പോൾ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ചിലരുടെ കാര്യം തന്നെ നമുക്ക് പരിശോധിക്കാം. പാർട്ടി പ്രതിനിധികളായി എ.കെ.ജി സെൻ്ററിൽ നിന്നും പറഞ്ഞു വിടുന്ന ആളുകളുടെ കാര്യം തന്നെ ആദ്യം പരിശോധിക്കാം. ജനങ്ങൾക്ക് അരോചകമായി തോന്നുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവരെയാണ് കൂടുതലായും നിലവിൽ സി.പി.എം, ചാനൽ ചർച്ചകളിലേക്ക് പറഞ്ഞ് വിടുന്നത്. ഇവരുടെയൊക്കെ ചർച്ച കേട്ടാൽ തന്നെ ആർക്കും സി.പി.എമ്മിനോടും ഇടതുപക്ഷത്തോടും ദേഷ്യം തോന്നി പോവുന്നതും സ്വാഭാവികമാണ്.
Also Read: ശ്രീലേഖ മാത്രമല്ല, ശബരിനാഥനും ശരിക്കും വെട്ടിലായി, കോർപ്പറേഷൻ കൗൺസിലർ മാത്രമായി ഇനി തുടരേണ്ടി വരും…
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകളിൽ, കോൺഗ്രസ്സിനു വേണ്ടിയും ബി.ജെ.പിയ്ക്ക് വേണ്ടിയും ലീഗിന് വേണ്ടിയും എല്ലാം പങ്കെടുക്കുന്നവർ പറയുന്ന വാദങ്ങളെ, വസ്തുതാപരമായും, സമചിത്തതയോടെയും നേരിടുന്ന കാര്യത്തിൽ, സി.പി.എം പ്രതിനിധികൾ ഒരു വലിയ പരാജയമായി മാറാറുണ്ട് എന്നത് ഒരു വസ്തുത തന്നെയാണ്. സി.പി.എം എന്തായിരിക്കും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
സി.പി.എം സംസ്ഥാന സെകട്ടറിയേറ്റിലും സംസ്ഥാന കമ്മറ്റിയിലും മിടുക്കരായ നിരവധി പേരുണ്ട്. അവരൊക്കെ ചർച്ചയിൽ സജീവമാകാൻ തീരുമാനിച്ചാൽ, രാഷ്ട്രീയ എതിരാളികൾ മാത്രമല്ല, ചാനൽ അവതാരകർ പോലും വെള്ളംകുടിച്ചു പോകും. അത്തരമൊരു സാഹചര്യം ഉണ്ടായാൽ പിന്നെ ഇടതു നിരീക്ഷകരുടെ പേരിൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പ്രസക്തി തന്നെയാണ് ഇല്ലാതാകുക.

ഏതെങ്കിലും ചാനലുകളുടെ നിലപാടുകളോട് രോഷമുണ്ടെങ്കിൽ, ചർച്ചയിൽ പങ്കെടുക്കാതെ മാറിനിന്നല്ല രോഷം പ്രകടിപ്പിക്കേണ്ടത്. അതേ ചാനലുകളുടെ ചർച്ചയിൽ പങ്കെടുത്ത് തന്നെയാണ് സി.പി.എം നേതൃത്വം മറുപടി കൊടുക്കേണ്ടത്. കാരണം, നിങ്ങൾ സംസാരിക്കുന്നത് ചാനലുകളിലൂടെ ആണെങ്കിലും കേൾക്കുന്നത് ജനങ്ങളാണ് എന്നത് ഓർക്കണം. സാറ്റ്ലൈറ്റ് ചാനലുകളിലായാലും, സോഷ്യൽ മീഡിയകളിലായാലും ഇടതുപക്ഷ വിരുദ്ധർക്കാണ് മേൽക്കോയ്മയുള്ളത്. വാർത്താ ചാനലുകളിൽ വരുന്ന വാർത്തകളും ചർച്ചകളുമാണ് പിന്നീട് സോഷ്യൽ മീഡിയകളിലേക്കും വ്യാപിക്കുന്നത്. അതൊക്കെ കൃത്യമായി ജനങ്ങളെ സ്വാധീനിക്കുന്നുമുണ്ട്.
അതുകൊണ്ട്, തിരഞ്ഞടുപ്പ് കൂടി അടുത്ത പശ്ചാത്തലത്തിൽ, എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളിൽ ഒരു പുനർവിചിന്തനത്തിന് സി.പി.എം നേതൃത്വവും മറ്റ് ഇടതുപക്ഷ നേതൃത്വവും തയ്യാറാവുകയാണ് വേണ്ടത്. ചാനൽ ചർച്ചകളോട് സി.പി.എം ഇനിയും വിമുഖത കാട്ടിയാൽ, ഇതുപോലെ ഇനിയും പല റെജി ലൂക്കോസുമാരെയും ചാനലുകൾ സൃഷ്ടിക്കും. പിന്നീട് അവർ മറ്റു പാർട്ടികളിൽ ചേക്കേറുകയും, ചാനലുകൾ തന്നെ അത് വലിയ സംഭവമാക്കി ചിത്രീകരിക്കുകയും ചെയ്യും. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയുള്ള ഒരു തീരുമാനമാണ് സി.പി.എം സംസ്ഥാന നേതൃത്വം സ്വീകരിക്കേണ്ടത്. ഇടതുപക്ഷ അണികളും അതു തന്നെയാണ് ആഗ്രഹിക്കുന്നുണ്ടാകുക.
EXPRESS VIEW
വീഡിയോ കാണാം
The post റെജി ലൂക്കോസ് ഇടതുപക്ഷത്തിനെ നാണം കെടുത്തി, സി.പി.എമ്മിൻ്റെ വീഴ്ചയിൽ ബി.ജെ.പിക്ക് പുതിയ ചാനൽ മുഖം appeared first on Express Kerala.



