
കന്നഡ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ഇൻട്രോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ചിത്രത്തിന്റെ വിഷ്വലുകൾ കണ്ട് അമ്പരന്ന പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ ഗീതു മോഹൻദാസിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയതാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. ഗീതു മോഹൻദാസ് സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ പ്രതീകമാണെന്നും ഇത്തരമൊരു ചിത്രം ഒരുക്കാൻ ഒരു പുരുഷ സംവിധായകനും ധൈര്യപ്പെടില്ലെന്നും അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) കുറിച്ചു. ഗീതു ഈ ചിത്രം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പുരുഷന്റെ മനസ്സ് വായിക്കാൻ കഴിയാത്തത് കൊണ്ട് എല്ലാവരെയും ജയിലിലടയ്ക്കുമോ? രമ്യ
കെജിഎഫ് ചാപ്റ്റർ 2-ന് ശേഷം യാഷ് തിരിച്ചെത്തുന്ന ഈ ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ നയൻതാര, ഹുമ ഖുറേഷി, കിയാരാ അദ്വാനി, രുക്മിണി വസന്ത് തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് രവി ബസ്രൂർ ആണ്. ഉജ്വൽ കുൽക്കർണി എഡിറ്റിംഗും ടി.പി. അബിദ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിക്കൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആവേശകരമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ. നാരായണയും യാഷും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ ചിത്രം മൊഴിമാറ്റി എത്തും. 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പാഡ്വ ഉത്സവ വാരാന്ത്യത്തോടനുബന്ധിച്ച് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. സിനിമയുടെ പ്രചാരണ പ്രവർത്തനങ്ങൾ പ്രതീഷ് ശേഖറാണ് ഏകോപിപ്പിക്കുന്നത്. വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ പുതിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post ‘പുരുഷ സംവിധായകർക്ക് ഈ ചങ്കൂറ്റമില്ല’; ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ! appeared first on Express Kerala.



