
മലയാളം ഒന്നാം ഭാഷയാക്കാനുള്ള കേരള സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ രൂക്ഷമായ എതിർപ്പുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. അതിർത്തി ജില്ലകളിലെ, പ്രത്യേകിച്ച് കാസർകോട്ടെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ഈ നിയമമെന്നും ഇതിനെതിരെ സാധ്യമായ എല്ലാ വഴികളിലൂടെയും കർണാടക പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാഷ എന്നത് ഒരു പഠനവിഷയം മാത്രമല്ലെന്നും അത് ഒരു ജനതയുടെ സ്വത്വവും അന്തസ്സുമാണെന്നും ഓർമിപ്പിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ ഈ നടപടി അടിച്ചേൽപ്പിക്കലാണെന്നും വിമർശിച്ചു. കാസർകോട് ജില്ലയുടെ പല ഭാഗങ്ങളിലും ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം പേർ ദൈനംദിന ജീവിതത്തിന് കന്നഡയെയാണ് ആശ്രയിക്കുന്നത്. അവിടെ കന്നഡ മീഡിയം സ്കൂളുകളുടെ പ്രാധാന്യം വലുതാണ്.
Also Read: തൊണ്ടിമുതൽ കേസിൽ കുടുങ്ങി ആന്റണി രാജു; അഭിഭാഷക പട്ടം തെറിക്കുമോ? ബാർ കൗൺസിൽ നടപടിയിലേക്ക്!
മലയാളം നിർബന്ധമാക്കുന്നത് ഈ വിദ്യാർത്ഥികളുടെ അക്കാദമിക് പുരോഗതിയെയും ആത്മവിശ്വാസത്തെയും തകർക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 29, 30, 350A, 350B എന്നിവ പ്രകാരം ഭാഷാ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ ലംഘിക്കാൻ ഒരു സർക്കാരിനും അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളത്തെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിന് അവകാശമുണ്ടെങ്കിലും അത് മറ്റ് മാതൃഭാഷകളെ തളർത്തിക്കൊണ്ടാകരുത്. അതുകൊണ്ട് തന്നെ ഈ വിവാദ ബിൽ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നിയമപോരാട്ടം നേരിടേണ്ടി വരുമെന്നും സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.
The post ഭാഷാ യുദ്ധം മുറുകുന്നു! മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് പൂട്ടിടാൻ കർണാടക appeared first on Express Kerala.



