
തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. അമൽ സുരേഷാണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്വന്തം പിതാവിനെതിരെ പരാതി നൽകാനാണ് അമൽ കമ്മീഷണർ ഓഫീസിൽ എത്തിയത്. എന്നാൽ ഓഫീസിനുള്ളിൽ വച്ച് പൊലീസുകാരുമായി തർക്കമുണ്ടായി. ഇതിനുശേഷം പുറത്തിറങ്ങിയ അമൽ, ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. പുതിയ സിറ്റി പൊലീസ് കമ്മീഷണറായി കെ. കാർത്തിക് ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്കിൽ നഗരത്തിലുടനീളം കറങ്ങിയ പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
The post പരാതി നൽകാനെത്തി പൊലീസുകാരന്റെ ബൈക്കുമായി കടന്നു; യുവാവ് പിടിയിൽ appeared first on Express Kerala.



