
ശൈത്യകാലം കടുക്കുന്നതോടെ വീടുകളിൽ ചൂടുവെള്ളത്തിനായി ഗെയ്സറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കുളിമുറിയിലെ ഈ ഉപകരണം ഒരു ‘നിശബ്ദ കൊലയാളി’യായി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അശ്രദ്ധയും അറിവില്ലായ്മയും മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ജീവനുകളാണ് ഇതിനോടകം പൊലിഞ്ഞത്.
നടുക്കുന്ന അപകടങ്ങൾ
അടുത്തിടെ മഹാരാഷ്ട്രയിൽ ഗെയ്സറിൽ നിന്നുള്ള ഷോക്കേറ്റ് മുപ്പതുകാരിയായ അശ്വിനി കേദാരി മരിച്ചത് വലിയ വാർത്തയായിരുന്നു. വെള്ളത്തിന്റെ താപനില പരിശോധിക്കുന്നതിനിടെയാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്. ഉത്തർപ്രദേശിൽ ഗ്യാസ് ഗെയ്സറിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസിച്ച് 12 വയസ്സുകാരി മരിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്. കേരളത്തിലും ഇത്തരം അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത അത്യാവശ്യമാണ്.
Also Read: വിസ പേടി വേണ്ട! 2026-ൽ ഇന്ത്യൻ സഞ്ചാരികളെ കാത്തിരിക്കുന്നത് ഈ വിദേശ വിസ്മയങ്ങൾ
അപകട കാരണങ്ങൾ പലത്
ഗെയ്സറുകൾ അപകടകാരികളാകുന്നതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്.
- വൈദ്യുതാഘാതം: കൃത്യമായ എർത്തിങ് ഇല്ലാത്തതും, പഴക്കം ചെന്ന വയറിംഗും ഉപകരണത്തിന്റെ ബോഡിയിലൂടെ വൈദ്യുതി കടന്നുപോകാൻ കാരണമാകുന്നു. നനഞ്ഞ കൈകളോടെ സ്വിച്ചിടുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
- വിഷവാതക ചോർച്ച: ഗ്യാസ് ഗെയ്സറുകളിൽ നിന്ന് പുറത്തുവരുന്ന കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം. വായുസഞ്ചാരമില്ലാത്ത ബാത്ത്റൂമുകളിൽ ഈ വാതകം പെട്ടെന്ന് നിറയുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യും.
- ടാങ്ക് പൊട്ടിത്തെറിക്കൽ: പ്രഷർ വാൽവുകൾ പ്രവർത്തനരഹിതമാകുമ്പോൾ ടാങ്കിനുള്ളിലെ മർദ്ദം കൂടി വലിയ സ്ഫോടനങ്ങൾ സംഭവിക്കാം.
- ഹാർഡ് വാട്ടർ: ഉപ്പുവെള്ളം ഉപയോഗിക്കുന്ന ഇടങ്ങളിൽ ഹീറ്റിങ് എലമെന്റുകൾ വേഗത്തിൽ തുരുമ്പെടുക്കാനും ഉള്ളിലെ വയറുകൾ പുറത്തുവരാനും സാധ്യതയുണ്ട്.
സുരക്ഷയ്ക്കായി ശ്രദ്ധിക്കേണ്ടവ
അപകടങ്ങൾ ഒഴിവാക്കാൻ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
വായുസഞ്ചാരം ഉറപ്പാക്കുക: ഗ്യാസ് ഗെയ്സറുകൾ ബാത്ത്റൂമിന് പുറത്ത് ബാല്ക്കണിയിലോ മറ്റോ സ്ഥാപിക്കുന്നതാണ് ഉചിതം.
ഗുണനിലവാരമുള്ള ഉപകരണങ്ങൾ: ബി.ഐ.എസ് മുദ്രയുള്ള മികച്ച ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കുക.
കൃത്യമായ സർവീസിംഗ്: വർഷത്തിലൊരിക്കലെങ്കിലും പ്രൊഫഷണൽ ടെക്നീഷ്യനെക്കൊണ്ട് ഗെയ്സർ പരിശോധിപ്പിക്കുക.
എർത്തിംഗും എം.സി.ബിയും: ഷോക്ക് ഒഴിവാക്കാൻ കുളിമുറിയിലെ സർക്യൂട്ടുകളിൽ എം.സി.ബി, ഇ.എൽ.സി.ബി എന്നിവ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യുക.
കുളിക്കുന്നതിന് മുൻപ് ഓഫ് ചെയ്യുക: വെള്ളം ചൂടായിക്കഴിഞ്ഞാൽ ഗെയ്സർ ഓഫ് ചെയ്ത ശേഷം മാത്രം കുളിക്കാൻ ശ്രദ്ധിക്കുക.
അറ്റകുറ്റപ്പണികൾ സ്വയം ചെയ്യാൻ ശ്രമിക്കാതെ വിദഗ്ധരുടെ സഹായം തേടുന്നത് അപകടങ്ങൾ 80 ശതമാനത്തോളം കുറയ്ക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
The post കുളിമുറിയിൽ പതുങ്ങിയിരിക്കുന്ന മരണം; ഗെയ്‌സർ ഉപയോഗിക്കുമ്പോൾ ജാഗ്രത! appeared first on Express Kerala.



