
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായി. സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ പോറ്റിക്ക് ദേവാലയത്തിന്റെ വാതിൽ തുറന്നുകൊടുത്തത് തന്ത്രിയാണെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. തന്ത്രി ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്ന വ്യക്തിയായതിനാൽ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പോറ്റി നടത്തിയ സ്വർണ്ണ തട്ടിപ്പിനെക്കുറിച്ച് തന്ത്രിക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു എന്നാണ് സൂചന. പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്നായിരുന്നു രാജീവരുടെ ആദ്യ വാദമെങ്കിലും, അദ്ദേഹം നൽകിയ ചില പ്രത്യേക അനുമതികൾ സംശയകരമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ചും സ്പോൺസർഷിപ്പുകളുമായി ബന്ധപ്പെട്ട് തന്ത്രി നൽകിയ മൂന്ന് അനുമതികളിലാണ് അന്വേഷണ സംഘത്തിന് വലിയ രീതിയിലുള്ള ദുരൂഹത തോന്നിയത്. ശരിയായ രീതിയിലുള്ള അനുമതിയില്ലാതെ ഇത്തരം സ്വർണ്ണ ഉരുപ്പടികൾ പുറത്തേക്ക് മാറ്റാൻ സാധിക്കില്ലെന്നിരിക്കെ തന്ത്രിയുടെ പങ്ക് കേസിൽ നിർണ്ണായകമാകും.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; കണ്ഠരര് രാജീവർ കസ്റ്റഡിയിൽ appeared first on Express Kerala.



