
ശബരിമല സ്വർണ്ണത്തട്ടിപ്പ് കേസിൽ അപ്രതീക്ഷിതവും നിർണ്ണായകവുമായ നീക്കം. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ചേർന്ന് സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തുവെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. ഒരു തീർത്ഥാടന കേന്ദ്രത്തെയും ഭക്തരുടെ വിശ്വാസത്തെയും പിടിച്ചുലയ്ക്കുന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.
രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ തന്ത്രിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. രാത്രിയോടെ തന്ത്രിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2018 മുതൽ തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സ്വർണ്ണപ്പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കടത്താൻ പോറ്റിക്ക് ഒത്താശ ചെയ്തത് തന്ത്രിയാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
Also Read: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കളത്തിലിറങ്ങുന്നു! ഇസിഐആർ രജിസ്റ്റർ ചെയ്തു
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും അയാൾക്ക് ദേവസ്വത്തിൽ വഴിവിട്ട സ്വാധീനം ഉണ്ടാക്കിക്കൊടുത്തതും കണ്ഠരര് രാജീവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പല പ്രമുഖ ക്ഷേത്രങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റിയെ ശിപാർശ ചെയ്തത് തന്ത്രിയാണെന്ന് വിവിധ ക്ഷേത്ര ഭാരവാഹികൾ മൊഴി നൽകിയിട്ടുണ്ട്.
ശബരിമലയിൽ നടന്നത് ഉന്നതതലത്തിലുള്ള ആസൂത്രിത കൊള്ളയാണെന്നാണ് എസ്ഐടിയുടെ നിഗമനം. ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രി കണ്ഠരര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ ഒത്തുചേർന്നാണ് ഈ ഗൂഢാലോചന നടപ്പിലാക്കിയത്. സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്ക് പൂർണ്ണ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്ന് എസ്ഐടി കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
The post ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ appeared first on Express Kerala.



