
മലബാറിലെ പ്രവാസികൾക്കും യാത്രക്കാർക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ. 2026 ഫെബ്രുവരി 1 മുതൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോടിനും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ ഓടിത്തുടങ്ങും. ഇതോടെ ബെംഗളൂരു, മുംബൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ലഖ്‌നൗ എന്നീ നഗരങ്ങൾക്ക് പിന്നാലെ സൗദിയ സർവീസ് നടത്തുന്ന ഇന്ത്യയിലെ ഏഴാമത്തെ നഗരമായി കോഴിക്കോട് മാറി.
ആദ്യഘട്ടത്തിൽ ആഴ്ചയിൽ എട്ട് സർവീസുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. പുതിയ റൂട്ട് മലബാറിലെ വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ അനുഗ്രഹമാകും. പ്രത്യേകിച്ച് ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് പോകുന്നവർക്ക് ഇത് യാത്ര സുഗമമാക്കും. സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ കോഴിക്കോട് വിമാനത്താവള അധികൃതരുമായി ചേർന്ന് സൗദിയ പൂർത്തിയാക്കി വരികയാണ്. സൗദി അറേബ്യയുടെ ടൂറിസം, വ്യോമയാന മേഖലകളിലെ വൻ വികസനത്തിന്റെ ഭാഗമായാണ് ഈ വിപുലീകരണം നടക്കുന്നത്.
Also Read: സൗദിയിൽ വ്യോമയാന നിയമലംഘനം; 1.38 കോടി റിയാൽ പിഴ ചുമത്തി
നിലവിൽ നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ സർവീസ് നടത്തുന്നുണ്ട്. പ്രതിദിനം 550-ലധികം ആഭ്യന്തര-അന്തർദ്ദേശീയ വിമാനങ്ങൾ പറത്തുന്ന കമ്പനി, തങ്ങളുടെ ആധുനിക വിമാനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
The post പ്രവാസികൾക്ക് പുതുവർഷ സമ്മാനം; കോഴിക്കോട്- റിയാദ് നേരിട്ടുള്ള വിമാന സർവീസുമായി ‘സൗദിയ’ appeared first on Express Kerala.



