
അമേരിക്കയും നാറ്റോയുമല്ല, ഇനി ഈ ലോകം മുഴുവൻ എതിരെ വന്നാലും അത് നേരിടാനുളള കരുത്തും ശേഷിയും തങ്ങൾക്കുണ്ടെന്ന് തെളിയിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ, ഞെട്ടി തരിച്ച് നിൽക്കുകയാണ് ലോകരാജ്യങ്ങൾ. യുക്രെയ്നെതിരെ, ലോകത്ത് ഒരു രാജ്യത്തിനും തടുക്കാൻ പറ്റാത്ത ഹൈപ്പർസോണിക് മിസൈലായ ഒറെഷ്നിക് പ്രയോഗിച്ചാണ് റഷ്യ കടുപ്പിച്ചിരിക്കുന്നത്. നിരവധി വാർഹെഡുകളോ
ആണവപേലോഡുകളെ വഹിക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ഈ ഒറെഷ്നിക് മിസൈൽ. ശബ്ദത്തെക്കാൾ പത്തിരട്ടി വേഗതയിലുള്ള മിസൈൽ കൂടിയാണിത്. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ നടത്താൻ ശ്രമിച്ച ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഈ ആക്രമണത്തെ റഷ്യ വിശേഷിപ്പിക്കുന്നതെങ്കിലും, യഥാർത്ഥത്തിൽ ഇത് അമേരിക്കയ്ക്കും, മറ്റ് നാറ്റോ സഖ്യകക്ഷികൾക്കും യൂറോപ്പിനുമുള്ള മുന്നറിയിപ്പാണ്.
വെനസ്വേല പ്രസിഡൻ്റിനെ തട്ടികൊണ്ട് പോയി ലോകക്രമം മാറ്റി എഴുതാൻ ശ്രമിക്കുന്ന അമേരിക്കയെയും, യുക്രെയിനിലേക്ക് സൈനികരെ അയക്കാൻ തീരുമാനിച്ച നാറ്റോ രാജ്യങ്ങളെയും ശരിക്കും ഭയപ്പെടുത്തുന്ന മിസൈൽ പ്രയോഗമാണ് റഷ്യ നടത്തിയിരിക്കുന്നത്. ഇതേസമയം തന്നെയാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ച് അമേരിക്കൻ സൈനും പിടിച്ചെടുത്ത, റഷ്യൻ പതാകയുള്ള എണ്ണടാങ്കറിലെ റഷ്യൻ പൗരന്മാരെയും അമേരിക്ക മോചിപ്പിച്ചിരിക്കുന്നത്. കപ്പൽ റഷ്യയുടേത് അല്ലെങ്കിലും, അതിലെ രണ്ട് ജീവനക്കാർ റഷ്യൻ പൗരന്മാർ ആയതിനാൽ, ജീവനക്കാരെ വിട്ടില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നത്.
ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നത് പോലെ, യുക്രെയിനിലേക്ക് ഒറെഷ്‌നിക് വിട്ടതോടെ, അമേരിക്കയും ഭയന്നു എന്നു തന്നെ വേണം കരുതാൻ . അതുകൊണ്ടാണ് മഡൂറയെ തട്ടികൊണ്ടുപോയി ലോക പൊലീസ് കളിച്ച അമേരിക്കയ്ക്ക് റഷ്യൻ അന്ത്യശാസനത്തിന് മുന്നിൽ ഇപ്പോൾ വഴങ്ങേണ്ടി വന്നിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്കയെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ രാജ്യവും, ഏറ്റവും കൂടുതൽ ആണവായുധമുള്ള രാജ്യവും റഷ്യ തന്നെയാണ്. അവരുടെ ആവനാഴിയിൽ ഇനിയും ലോകം കാണാത്ത അനവധി ആയുധങ്ങളുണ്ട്. അതിൽ ഒന്നുമാത്രമാണ് ഒറെഷ്‌നിക്.
ഒറെഷ്‌നിക് മൊബൈൽ മീഡിയം-റേഞ്ച് ഗ്രൗണ്ട്-ബേസ്ഡ് മിസൈൽ സിസ്റ്റം എന്നു പറയുന്നത് പ്രയോഗിച്ച് കഴിഞ്ഞാൽ, ആണവ പോർമുന ഘടിപ്പിക്കാതെ തന്നെ, ഒരു ഉൽക്ക വീഴുന്ന എഫക്ടാണ് സൃഷ്ടിക്കുക. അതാണ് ഇപ്പോൾ യുക്രെയിനിലും സംഭവിച്ചിരിക്കുന്നത്. ഇതു വഴി ഒന്നിനും തങ്ങൾ മടിക്കില്ലന്ന കൃത്യമായ സന്ദേശമാണ്, ലോകക്രമം മാറ്റി എഴുതാൻ പുറപ്പെട്ട അമേരിക്കയ്ക്കും ട്രംപിനും റഷ്യ നൽകിയിരിക്കുന്നത്.
ഒറെഷ്നിക് ഉൾപ്പെടെ ഉയർന്ന കൃത്യതയുള്ള ദീർഘദൂര കര-നാവിക ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്നിൽ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ആഘാതം എത്രമാത്രമാണ് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലങ്കിലും, വൻ നാശം യുക്രെയിനിൽ സൃഷ്ടിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാറ്റോ അതിർത്തിയും തകർന്ന് തരിപ്പണമായിട്ടുണ്ട്. അതേസമയം, യുക്രെയ്ൻ്റെ ഏത് മേഖലയിലാണ് ഒറെഷ്നിക് മിസൈൽ പരീക്ഷിച്ചതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
ഇതിന് മുൻപ്, 2024 നവംബറിൽ റഷ്യ ഒറെഷ്‌നിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്‌നിൽ ഒരു പരീക്ഷണം നടത്തിയിരുന്നെങ്കിലും അതൊരു വലിയ ആക്രമണമായിരുന്നില്ല. അന്നത്തേതിനും ഇപ്പോഴത്തെ ആക്രമണത്തിനും ഇടയിൽ നിർണായകമായ വ്യത്യാസങ്ങളുണ്ട്. മുൻ ആക്രമണം മധ്യ യുക്രെയ്‌നിലെ ഡിനിപ്രോ നഗരത്തിലെ ഒരു എയ്‌റോസ്പേസ് ഫാക്ടറിയെ ലക്ഷ്യമിട്ടതായിരുന്നു എങ്കിൽ, ഇപ്പോഴത്തെ ആക്രമണം നാറ്റോ അംഗമായ പോളണ്ടിന്റെ അതിർത്തിയോട് ചേർന്നുള്ള ലിവിവിലാണ് നടന്നിരിക്കുന്നത്. ഈ മാറ്റത്തിലെ സന്ദേശം ആരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണ്. ഇതു തന്നെയാണ് അമേരിക്കൻ ചേരിയെയും ഭയപ്പെടുത്തുന്നത്.
അമേരിക്കയും നാറ്റോയും അവരുടെ ചേരിയുടെ ബലത്തിൽ അഹങ്കരിക്കുമ്പോൾ, ബദൽ സൈനികചേരി സൃഷ്ടിക്കാനാണ് റഷ്യ ഇപ്പോൾ ശ്രമിക്കുന്നത്. ഇതിൽ ഇപ്പോൾ തന്നെ ഉത്തര കൊറിയ ഉണ്ട്. ഇറാനും ഈ സൈനിക ചേരിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംപിൻ്റെ ഭീഷണി അതിരുവിട്ട സാഹചര്യത്തിൽ ചൈനയും ഇന്ത്യയും ഈ ചേരിയിൽ കണ്ണികളാകുമെന്നാണ് നയതന്ത്ര വിദഗ്ദരുൾപ്പെടെ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ തന്നെ ഈ രാജ്യങ്ങൾ എല്ലാ ഉൾപ്പെട്ടെ ബ്രിക്സ് കൂട്ടായ്മ അതിശക്തമായ സാമ്പത്തിക ശക്തിയാണ്. അതൊരു സൈനിക ചേരിയായി മാറണമെന്നതാണ് റഷ്യ ആഗ്രഹിക്കുന്നത്. ഇതിന് മറ്റ് അംഗരാജ്യങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന നടപടിയായും റഷ്യയുടെ പുതിയ ആക്രമണം വിലയിരുത്തപ്പെടുന്നുണ്ട്.
ഒറെഷ്നിക്കിന്റെ മാരകത
റഷ്യൻ ഭാഷയിൽ ഹാസൽ നട്ട് എന്നർത്ഥം വരുന്ന ഒറെഷ്‌നിക് ഒരു ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അഭിപ്രായത്തിൽ ഇതിന് ശബ്ദത്തിന്റെ വേഗതയുടെ മാക് 10 – 10 മടങ്ങ് വേഗത കൈവരിക്കാൻ കഴിയും. മാത്രമല്ല, ആയുധത്തെ പ്രതിരോധിക്കാൻ ഒരു മാർഗവുമില്ല. വാസ്തവത്തിൽ, പുടിൻ നേരത്തെ പറഞ്ഞിരുന്നു, “ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും യൂറോപ്പിലെ അമേരിക്കൻ സംവിധാനങ്ങൾക്കും അത്തരം മിസൈലുകളെ തടയാൻ കഴിയില്ല. അത് അസാധ്യമാണ്.”പെന്റഗൺ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിംഗ് പറയുന്നതനുസരിച്ച്, ഒറെഷ്നിക് റഷ്യയുടെ RS-26 ബാലിസ്റ്റിക് മിസൈലിന്റെ ഒരു വകഭേദമാണ് . RS-26 40 ടൺ ഭാരമുള്ള, ഖര ഇന്ധന മിസൈലാണ്.ഫോബ്‌സ് വിശദീകരിക്കുന്നത്. അത് തൊടുത്തുവിടുന്ന കോണിനെ ആശ്രയിച്ച്, RS-26 ന് 3,400 മൈലിൽ കൂടുതൽ സഞ്ചരിക്കാൻ കഴിയും എന്നാണ്. അങ്ങനെ ചെയ്താൽ അത് ഒരു ICBM ആയിരിക്കും . എന്നാൽ 3,400 മൈലിൽ താഴെ ദൂരമുള്ള ഒരു IRBM ആണ് കൂടുതൽ സുഖകരം.

റഷ്യയുടെ അതിർത്തിക്കടുത്തുള്ള കിഴക്കൻ ബെലാറസിൽ റഷ്യ തങ്ങളുടെ പുതിയ ആണവ ശേഷിയുള്ള ഒറെഷ്നിക് മിസൈൽ സ്ഥാപിച്ചിരിക്കാമെന്ന് അമേരിക്കൻ ഗവേഷകർ വിശ്വസിക്കുന്ന ഒരു ഉപഗ്രഹ ചിത്രം കാണിക്കുന്നു. പ്ലാനറ്റ് ലാബ്സ്/റോയിട്ടേഴ്സ്
RS-26 തന്നെ RS-24 യാർസ് ICBM ന്റെ ഒരു ചെറിയ ഡെറിവേറ്റീവാണെന്ന് റിപ്പോർട്ടുണ്ട്. റുബേഷിന് ഒന്നിലധികം സ്വതന്ത്രമായി ടാർഗെറ്റുചെയ്യാവുന്ന റീഎൻട്രി വെഹിക്കിൾ (MIRV) കോൺഫിഗറേഷൻ ഉണ്ടെന്നും മനസ്സിലാക്കുന്നു.
പ്രതിരോധ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒറെഷ്‌നിക്കിന്റെ പുതിയ സവിശേഷത, വ്യത്യസ്ത ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ കഴിവുള്ള ഒന്നിലധികം വാർഹെഡുകൾ വഹിക്കാൻ ഇതിന് കഴിയും എന്നതാണ്. ഇത് സാധാരണയായി ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി (ICBMs) ബന്ധപ്പെട്ടിരിക്കുന്നു.
EXPRESS VIEW
വീഡിയോ കാണാം…
The post റഷ്യയെ ഭയക്കണം, ലോകത്തെ ഞെട്ടിച്ച് ആ ആയുധവും അവർ പ്രയോഗിച്ചു, അമേരിക്കയും അമ്പരന്നു… appeared first on Express Kerala.



