ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയത് ചോദ്യം ചെയ്ത് പോലീസ്: മുൻ ബി.ജെ.പി എം.പി പ്രതാപ് സിംഹയ്‌ക്കെതിരെ മൈസൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു; പള്ളിക്ക് സമീപം വച്ച് പോലീസിനെ അധിക്ഷേപിക്കുകയും ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുകയും ചെയ്തതായി പരാതി
Current: മലയാളം

മൈസൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വര്‍ഗീയമായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് മുന്‍ ബി.ജെ.പി എം.പി പ്രതാപ് സിംഹയ്ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.
ടി നരസീപുരയില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. പ്രതാപ് സിംഹയ്ക്ക് പുറമേ കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് മല്ലികാര്‍ജുന ബാലദണ്ഡി അറിയിച്ചു.
ഘോഷയാത്രയുടെ വഴിയെച്ചൊല്ലി സംഘാടകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. റൂട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഇന്‍സ്പെക്ടര്‍ ധനഞ്ജയ് നടത്തിയത് എന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച് ഒരു പള്ളിക്ക് സമീപം വച്ച് പ്രതാപ് സിംഹ ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു.
തനിക്ക് പോലീസിനോട് ബഹുമാനമുണ്ടെന്നും എന്നാല്‍ പ്രശ്‌നക്കാരനായ ഒരു ഇന്‍സ്പെക്ടര്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും പ്രതാപ് സിംഹ ആരോപിച്ചു.
അതേസമയം, പ്രതാപ് സിംഹയ്ക്കെതിരെ നിലവില്‍ 25 കേസുകളുണ്ടെന്നും ഇതിലൊന്നും അദ്ദേഹം ഭയപ്പെടില്ലെന്നും പ്രതിപക്ഷ നേതാവ് ആര്‍. അശോക പ്രതികരിച്ചു. എന്നാല്‍ പ്രതാപ് സിംഹ പോലീസിനെ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നുവെന്നും നിയമത്തിന് മുന്നില്‍ ആരും അതിമാനുഷരല്ലെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് എം. ലക്ഷ്മണ്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ ക്രമസമാധാന ലംഘനം, റൈറ്റിംഗ്, പൊതുപ്രവര്‍ത്തകന്റെ ജോലി തടസ്സപ്പെടുത്തല്‍, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.




