ജാതി സെൻസസിന് പിന്നാലെ ഉത്തർപ്രദേശ് നാല് സംസ്ഥാനങ്ങളായി വിഭജിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി ഓം പ്രകാശ് രാജ്ഭർ
Current: മലയാളം

ലഖ്നൗ: ജാതി സെൻസസിന് ശേഷം രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിനെ നാല് ഭാഗങ്ങളായി വിഭജിക്കുമെന്ന് സംസ്ഥാന മന്ത്രിയും എസ്ബിഎസ്പി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭർ.
ഞായറാഴ്ച ദിയോറിയയിൽ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി സംഘടിപ്പിച്ച സാമാജിക് സമ്രാസ്ത മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്ഭർ.
ജാതി സെൻസസിന് ശേഷം സംസ്ഥാന വിഭജനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി രാജ്ഭർ പറയുന്നു.
“ജാതി സെൻസസ് പൂർത്തിയായിക്കഴിഞ്ഞാൽ, വിഭജനം നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. ജാതി സെൻസസിന് ശേഷം ഞങ്ങൾ സംസ്ഥാനത്തെ വിഭജിക്കും. ഇതാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പറഞ്ഞത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സംസ്ഥാനം നാല് ഭാഗങ്ങളായി വിഭജിക്കപ്പെടും. പൂർവാഞ്ചലിന് ഒരു രാജ്‍ഭര്‍ മുഖ്യമന്ത്രിയുണ്ടാകും. ഇത് മനസ്സിൽ വെക്കുക. എസ്‍പി, ബിഎസ്പി. അല്ലെങ്കിൽ കോൺഗ്രസ് പാർട്ടികളിലേക്ക് പോയി വഴിതെറ്റിപ്പോകരുത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാന വിഭജനത്തെക്കുറിച്ചുള്ള രാജ്ഭറിന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് സംസ്ഥാന വിഭജനം ഉന്നയിക്കുന്ന മുൻകാല രീതികളോട് ഇതിന് ഏറെ സാമ്യമുണ്ട്.
2012-ലെ യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായിരുന്ന മായാവതി ഉത്തർപ്രദേശ് വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമല്ല, സംസ്ഥാനത്തെ അവധ് പ്രദേശ്, പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ്, പശ്ചിമ പ്രദേശ് എന്നിങ്ങനെ നാലായി വിഭജിക്കുന്നതിനുള്ള പ്രമേയം നിയമസഭയിൽ പാസാക്കിയെടുക്കുകയും ചെയ്തിരുന്നു.




