ശ്രദ്ധയെ ആരാണ് കൈവശപ്പെടുത്തുന്നത് ?
Current: മലയാളം

ഡിജിറ്റൽ യുഗത്തിൽ മനുഷ്യന്റെ ശ്രദ്ധ ഒരു സാമ്പത്തിക വിഭവമായി മാറുമ്പോൾ, അൽഗോരിതങ്ങൾക്കും വിപണിക്കും അപ്പുറം സ്വന്തം സമയവും ചിന്തയും എങ്ങനെ സംരക്ഷിക്കാം?
രാത്രിയുടെ നിശ്ശബ്ദതയിൽ ഒരാൾ മൊബൈൽ സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് കിടക്കുന്നു. ഒരു ചിത്രം, ഒരു ചെറിയ വീഡിയോ, ഒരു വാർത്ത, ഒരു പരസ്യം – ഓരോന്നും കണ്ണിനെ പിടിക്കുന്നു. ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്. അടുത്തതിനെക്കുറിച്ചുള്ള ചെറിയ ആകാംക്ഷയിൽ വിരൽ മുകളിലേക്ക് നീങ്ങുന്നു.
കുറച്ചുസമയം കഴിഞ്ഞുവെന്ന് തോന്നുമ്പോഴേക്കും മണിക്കൂറുകൾ തന്നെ കടന്നുപോയിരിക്കുന്നു. ഇത് ഒരാളുടെ മാത്രം ശീലമല്ല. ഇന്നത്തെ കാലത്തിന്റെ ഏറ്റവും സാധാരണമായ അനുഭവങ്ങളിലൊന്നാണിത്.
മനുഷ്യചരിത്രത്തിലെ അധികാരങ്ങൾ ഭൂമിയെയും വിഭവങ്ങളെയും തൊഴിലിനെയും നിയന്ത്രിച്ചാണ് വളർന്നത്. പിന്നീട് വിവരവും അധികാരത്തിന്റെ പ്രധാന വിഭവമായി മാറി. ഡിജിറ്റൽ കാലത്ത് അതിനൊപ്പം മറ്റൊരു വിഭവവും നിർണായകമായി മാറിയിരിക്കുന്നു – മനുഷ്യന്റെ ശ്രദ്ധ.
ഒരാൾ എവിടേക്ക് നോക്കുന്നു, എന്ത് വായിക്കുന്നു, എത്രനേരം ഒന്നിൽതന്നെ തുടരുന്നു, എന്തിനെ വീണ്ടും കാണുന്നു – ഇവയെല്ലാം മനസ്സിലാക്കാൻ കഴിയുന്ന കാലമാണിത്. ഇവിടെ നിന്നാണ് പുതിയൊരു ചോദ്യം ഉയരുന്നത്: മനുഷ്യന്റെ ശ്രദ്ധയെ ആരാണ് കൈവശപ്പെടുത്തുന്നത് ?
ശ്രദ്ധയുടെ വിപണി
ശ്രദ്ധ തന്നെ വിലപ്പെട്ട ഒരു സാമ്പത്തിക വിഭവമായി മാറുന്ന സാഹചര്യത്തെയാണ് ‘അറ്റൻഷൻ എക്കോണമി’ എന്ന് വിളിക്കുന്നത്.
നേരിട്ട് പണം ഈടാക്കാത്ത പല ഡിജിറ്റൽ സേവനങ്ങളുടെയും വരുമാനം പരസ്യങ്ങളോടും ഉപയോക്തൃ ഇടപെടലുകളോടും ബന്ധപ്പെട്ടിരിക്കുന്നു.
ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തുന്ന വീഡിയോകൾ, തിരികെ വിളിക്കുന്ന നോട്ടിഫിക്കേഷനുകൾ, അടുത്ത കാഴ്ചയിലേക്ക് നയിക്കുന്ന ശുപാർശകൾ – ഒരാൾ കൂടുതൽ സമയം ഒരു പ്ലാറ്റ്ഫോമിൽ ചെലവഴിക്കുന്നതനുസരിച്ച് കൂടുതൽ ഉള്ളടക്കവും പരസ്യങ്ങളും അയാൾക്ക് മുന്നിലെത്തുന്നു.
ഒറ്റനോട്ടത്തിൽ ഇവ സാധാരണ രൂപകൽപ്പനാ തീരുമാനങ്ങളാണ്. എന്നാൽ കോടിക്കണക്കിന് ആളുകളിൽ ഒരേസമയം പ്രവർത്തിക്കുമ്പോൾ അവ ഒരു വലിയ സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാകുന്നു.
നമ്മൾ കാണുന്ന ഓരോ കാഴ്ചയ്ക്കു പിന്നിലും ആ സംവിധാനം കാത്തിരിക്കുന്നു. നമ്മൾ അവസാനിപ്പിക്കാത്തപ്പോൾ സംവിധാനം തുടരുന്നു.
ഇവിടെ ചോദ്യം സാങ്കേതികവിദ്യ നല്ലതോ ചീത്തയോ എന്നതല്ല; ഏത് സാമ്പത്തിക താല്പര്യങ്ങളാണ് അതിനെ രൂപകൽപ്പന ചെയ്യുന്നത് എന്നതാണ്.
നമുക്ക് താൽപര്യമുള്ള ഉള്ളടക്കം കണ്ടെത്താൻ ശുപാർശകൾ സഹായിക്കുന്നു. എന്നാൽ അതേ ശുപാർശകൾക്ക് നമ്മുടെ ശ്രദ്ധ കൂടുതൽ നേരം നിലനിർത്താനുള്ള പ്രേരണകളും ഉണ്ടായേക്കാം. അപ്പോൾ സൗകര്യവും സ്വാധീനവും തമ്മിലുള്ള അതിർത്തി എവിടെയാണ് ?
ശ്രദ്ധയെ ആർക്കാണ് നൽകേണ്ടത് ?
അത്താഴത്തിനുശേഷം ഉമ്മറപ്പടിയിലോ ബാൽക്കണിയിലോ വെറുതെയിരിക്കുന്ന ഒരാൾ ഒന്നും ക്ലിക്ക് ചെയ്യുന്നില്ല, ഒന്നും വാങ്ങുന്നില്ല, ഒരു പരസ്യവും കാണുന്നില്ല. അയാൾ അവിടെ ഇരിക്കുകയാണ്. പുറത്തേക്ക് നോക്കുന്നു. സ്വന്തം ചിന്തകളോടൊപ്പം അല്ലെങ്കിൽ ഒന്നും ചിന്തിക്കാതെ കഴിയുന്നു.
യാത്രയിൽ കടന്നുപോകുന്ന കാഴ്ചകൾക്കൊപ്പം കുറച്ചുനേരം തുടരുക. നടക്കുമ്പോൾ സ്വന്തം മനസ്സിനൊപ്പം സഞ്ചരിക്കുക. പുസ്തകത്തിന്റെ ഒരു പേജിൽ കുറച്ചുനേരം നിൽക്കുക. മറ്റൊരാൾ സംസാരിക്കുമ്പോൾ മറുപടി തയ്യാറാക്കാതെ കേൾക്കുക. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുക. ഇവയ്ക്കൊന്നിനും പുതിയ സാഹചര്യത്തിൽ സാമ്പത്തിക മൂല്യമില്ല.
എന്നാൽ അവയ്ക്കുള്ളിൽ മനുഷ്യജീവിതത്തിന്റെ മറ്റൊരു അളവുണ്ട്. ജീവിതത്തിന്റെ മൂല്യം ഇപ്പോഴും വിപണിയുടെ അളവുകോലുകളിൽ മാത്രം നിർണ്ണയിക്കപ്പെടുന്നില്ല.
സമയത്തിന്റെ അർത്ഥം
ജീവിതം പലപ്പോഴും വിപണിയുടെ മാനദണ്ഡങ്ങൾക്ക് അപ്പുറം നിൽക്കുന്നത്, എല്ലാറ്റിനും ഒരു സാമ്പത്തിക മൂല്യം നൽകാനാവില്ല എന്നതുകൊണ്ടാണ്. ഇവിടെ സമയം എന്ന ഘടകം പ്രധാനമാണ്.
“സമയം ചെലവഴിക്കുന്നു” എന്ന പൊതുവായ പ്രയോഗത്തിന്റെ സാരം, ജീവിതത്തിന്റെ ഒരു ഭാഗം എവിടെയെങ്കിലും സമർപ്പിക്കുന്നു എന്നതാണ്. ആ സമയം എങ്ങനെ സമർപ്പിക്കപ്പെടുന്നു എന്നതിലാണ് അനുഭവത്തിന്റെ താളവും അർത്ഥവും രൂപപ്പെടുന്നത്. അതിൽ ശ്രദ്ധ നിർണ്ണായകമാണ്.
ഒരു പരസ്യത്തിന് നൽകിയ ഏതാനും സെക്കൻഡുകളും ഒരു കുഞ്ഞിന്റെ വാക്കുകൾ കേൾക്കാൻ മാറ്റിവച്ച ഒരു മണിക്കൂറും ഘടികാരത്തിൽ സമയമായി മാത്രമേ രേഖപ്പെടുന്നുള്ളൂ.
ഒരു പുസ്തകത്തിന് നൽകിയ ഒരു രാത്രിയും അർത്ഥമില്ലാതെ സ്ക്രീൻ സ്ക്രോൾ ചെയ്ത മറ്റൊരു രാത്രിയും ഒരേ ദൈർഘ്യമുള്ളതായിരുന്നു. പക്ഷേ, അവ നൽകിയത് ഒരേ ജീവിതാനുഭവമായിരുന്നില്ല.
ഇവിടെയാണ് ശ്രദ്ധയുടെ യഥാർത്ഥ അർത്ഥം തെളിയുന്നത്. ശ്രദ്ധ വെറുമൊരു മാനസിക ശേഷിയല്ല; അത് ജീവിതത്തിന്റെ ഒരു തിരഞ്ഞെടുപ്പാണ്.
സമയവും ശ്രദ്ധയും
നിരന്തരം മാറുന്ന കാഴ്ചകൾക്കിടയിൽ മനുഷ്യന്റെ ശ്രദ്ധ കൂടുതൽ വിഭജിക്കപ്പെടുന്നുണ്ടോ എന്നത് സങ്കീർണ്ണമായ ചോദ്യമാണ്.
എന്നാൽ ലളിതമായ ചില കാര്യങ്ങൾ നമുക്കറിയാം: ഒരു ആശയം മനസ്സിലാക്കാൻ സമയം വേണം. ഒരു പുസ്തകം വായിക്കാൻ സമയം വേണം. ഒരു മനുഷ്യനെ കേൾക്കാൻ സമയം വേണം. സ്വന്തം ചിന്തകൾ തിരിച്ചറിയാനും സമയം വേണം.
വിവരങ്ങൾ ഇന്ന് വിരൽത്തുമ്പിലുണ്ട്. അവ ഇടവേളയില്ലാതെ നമ്മിലേക്ക് ഒഴുകിയെത്തുന്നു. എന്നാൽ വിവരങ്ങളുടെ വേഗത ചിന്തയുടെ ആഴത്തിന് പകരമാവുന്നുണ്ടോ ?
എല്ലാം ഉടൻ അറിയാൻ കഴിയുന്ന കാലത്ത്, ആലോചിച്ച് മനസ്സിലാക്കാനുള്ള ക്ഷമ നഷ്ടപ്പെടാതിരിക്കുക എന്നതും ഒരു കഴിവാണ്.
വിവരങ്ങൾ മാത്രം പോരാ; അവ പരിശോധിക്കാനും തമ്മിൽ ബന്ധിപ്പിക്കാനും ചോദ്യം ചെയ്യാനും കഴിയുന്ന പൗരന്മാരും ജനാധിപത്യത്തിന് വേണം.
അതുകൊണ്ട് ശ്രദ്ധയുടെ ഗുണനിലവാരവും സമർപ്പണവും വ്യക്തിജീവിതത്തിന്റെ മാത്രം പ്രശ്നമല്ല. അത് മനുഷ്യബന്ധങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും മാധ്യമങ്ങളുടെയും പൊതുസംവാദത്തിന്റെയും സംസ്കാരത്തിന്റെയും ഗുണനിലവാരവുമായി ബന്ധപ്പെട്ടതാണ്.
ശ്രദ്ധ ഒരു സ്വാതന്ത്ര്യം
അപ്പോൾ പരിഹാരം എന്താണ് ? സാങ്കേതികവിദ്യ ഉപേക്ഷിക്കണമെന്നില്ല; അതുമായി നമുക്കുള്ള ബന്ധത്തിന് ചില അതിരുകൾ നിശ്ചയിക്കുകയാണ് വേണ്ടത്.
നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കാം. ഭക്ഷണസമയത്തും സംഭാഷണങ്ങളിലും സ്ക്രീനിൽ നിന്ന് മാറിനിൽക്കാം. വായനയ്ക്കായി അൽപനേരം മാറ്റിവയ്ക്കാം. ഇടയ്ക്കൊക്കെ ഡിജിറ്റൽ ഉത്തേജനങ്ങളില്ലാത്ത നിമിഷങ്ങൾ സൃഷ്ടിക്കാം.
ഇവ ചെറിയ കാര്യങ്ങളാണ്. പക്ഷേ അവയ്ക്കുള്ളിൽ വലിയൊരു ആശയമുണ്ട്: നമ്മുടെ ശ്രദ്ധ എവിടേക്ക് നൽകണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇപ്പോഴും നമ്മുടേതാണ്.
അൽഗോരിതങ്ങൾ നമ്മുടെ താൽപര്യങ്ങൾ പ്രവചിക്കും. സാങ്കേതികവിദ്യ നമ്മുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതൽ പഠിക്കും. വിപണി നമ്മുടെ സമയത്തിനും ശ്രദ്ധയ്ക്കും സാമ്പത്തിക മൂല്യം കൽപ്പിക്കും.
എന്നാൽ മനുഷ്യന് ഇപ്പോഴും ഒരു ഇടവേള എടുക്കാം. സ്ക്രീൻ താഴെ വയ്ക്കാം. മറ്റൊരു മനുഷ്യനെ നോക്കി സംസാരിക്കാം. ഒരു പുസ്തകത്തിന്റെ പേജിൽ നിൽക്കാം. ഒരു മരത്തിന്റെ ഇല കാറ്റിൽ ചലിക്കുന്നത് ശ്രദ്ധിച്ച് ഒന്നും ചെയ്യാതെ കുറച്ചുനേരം ഇരിക്കാം. കണ്ണുകളടച്ച് ചാരുകസാലയിൽ അലസമായി കിടക്കാം.
ഇതെല്ലാം ചെറിയ കാര്യങ്ങളാണ്. പക്ഷേ ആ ചെറിയ ഇടവേളയിൽ ഒരു വലിയ പ്രതിരോധമുണ്ട്. കാരണം ശ്രദ്ധയെ ആരാണ് കൈവശപ്പെടുത്തുന്നത് എന്നത് പുതിയ കാലത്തിന്റെ അധികാരചോദ്യമാണ്.
ശ്രദ്ധയെ എങ്ങനെ തിരിച്ചെടുക്കാം എന്നത് മനുഷ്യസ്വാതന്ത്ര്യത്തിന്റെ പുതിയ ചോദ്യവും.
-സുരേഷ് ബാബു പി.കെ




