ആഗോള രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ ലാറ്റിൻ അമേരിക്ക വെറുമൊരു ഭൂപ്രദേശമല്ല, അത് സാമ്രാജ്യത്വത്തിന് നേരെ ഉയർത്തിയ വിട്ടുവീഴ്ചയില്ലാത്ത ഒരു പ്രതിഷേധത്തിന്റെ പ്രതീകമാണ്! ലോകത്തെ വിറപ്പിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ഭരണകൂട ഗർവ്വിലൂടെ ലോകത്തെ ഭീഷണിപ്പെടുത്തുമ്പോൾ, ലാറ്റിൻ അമേരിക്കയിലെ ജനതയ്ക്ക് അത് പുത്തരിയല്ല. കാരണം, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി അവർ പോരാടുന്നത് ഇത്തരം അധികാര അഹങ്കാരങ്ങൾക്കെതിരെയാണ്.
19-ാം നൂറ്റാണ്ടിൽ യൂറോപ്യൻ കൊളോണിയൽ ശക്തികളോടായിരുന്നു പോരാട്ടമെങ്കിൽ, 20-ാം നൂറ്റാണ്ടിൽ അത് അമേരിക്കയിലെ വൈറ്റ് ഹൗസിന് നേരെയായി. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ചങ്ക് കൊടുത്ത വീരന്മാരും, അധികാരത്തിന് വേണ്ടി നാടിനെ ഒറ്റിക്കൊടുത്ത വഞ്ചകരും നിറഞ്ഞ ലാറ്റിൻ അമേരിക്കയുടെ ആവേശകരമായ ചരിത്രത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
Also Read: ഇറാൻ, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, നേപ്പാൾ, പിന്നെ ഉത്തര കൊറിയയും! ഇനിയില്ലേ? ഇനിയുമുണ്ട് രഹസ്യങ്ങൾ
ലാറ്റിൻ അമേരിക്കയുടെ പോരാട്ടവീര്യം തുടങ്ങുന്നത് സൈമൺ ബൊളിവർ എന്ന ‘എൽ ലിബർട്ടഡോർ’ലൂടെയാണ്. വെനസ്വേല മുതൽ ബൊളീവിയ വരെ നീളുന്ന രാജ്യങ്ങളെ സ്പാനിഷ് നുകത്തിൽ നിന്ന് മോചിപ്പിച്ച ബൊളിവർ, ഒരു ഏകീകൃത ദക്ഷിണ അമേരിക്ക എന്ന സ്വപ്നത്തിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചത്. മെക്സിക്കോയുടെ സ്വാതന്ത്ര്യത്തിന് തിരി കൊളുത്തിയ പുരോഹിതൻ മിഗുവൽ ഹിഡാൽഗോയും, അദ്ദേഹത്തിന് പിന്നാലെ വന്ന ജോസ് മരിയ മോറെലോസും അടിമത്തം നിർത്തലാക്കാനും തദ്ദേശീയർക്ക് ഭൂമി നൽകാനും പൊരുതി മരിച്ചവരാണ്. ഇന്നും മെക്സിക്കൻ ബാങ്ക് നോട്ടുകളിൽ ഹിഡാൽഗോയുടെ ചിത്രം കാണുന്നത് ആ രാജ്യം അദ്ദേഹത്തിന് നൽകുന്ന ആദരമാണ്.
അമേരിക്കൻ സാമ്രാജ്യത്വത്തെ വിറപ്പിച്ച ഗറില്ലാ പോരാളികളിൽ പ്രമുഖനാണ് അഗസ്റ്റോ സാൻഡിനോ. നിക്കരാഗ്വയിലെ അമേരിക്കൻ അധിനിവേശത്തെ മുട്ടുകുത്തിച്ച സാൻഡിനോ, ലാറ്റിൻ അമേരിക്കൻ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. ചിയോടൊപ്പം വിപ്ലവം നയിച്ച ഫിഡൽ കാസ്ട്രോയും, അമേരിക്കൻ ഗൂഢാലോചനകൾക്കിടയിലും ജനങ്ങൾക്ക് വേണ്ടി പൊരുതി പ്രസിഡന്റ് കൊട്ടാരത്തിൽ വീരമൃത്യു വരിച്ച ചിലിയൻ നേതാവ് സാൽവഡോർ അലൻഡെയും ലോക ചരിത്രത്തിലെ മായ്ക്കാനാവാത്ത നാമങ്ങളാണ്.
അർജന്റീനയുടെ വിപ്ലവ നക്ഷത്രം ചെ ഗുവേരയും, വെനസ്വേലയിലെ ദരിദ്രർക്ക് വേണ്ടി എണ്ണക്കമ്പനികളെ ദേശസാൽക്കരിച്ച ഹ്യൂഗോ ഷാവേസും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അന്തകരായി ഇന്നും വാഴ്ത്തപ്പെടുന്ന ധീര വിപ്ലവകാരികളാണ്. ഇന്ന് നിക്കോളാസ് മഡുറോ നേരിടുന്നത് ആ ചരിത്രപരമായ കടമയാണ്—അമേരിക്കൻ ഉപരോധങ്ങളെയും നയതന്ത്ര ഒറ്റപ്പെടലിനെയും അതിജീവിച്ച് വെനസ്വേലയുടെ രാഷ്ട്രീയ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത്.
നായകന്മാർക്കൊപ്പം തന്നെ ചരിത്രം അടയാളപ്പെടുത്തിയ ചില വഞ്ചകരുമുണ്ട്. അമേരിക്കയുടെ താളത്തിന് തുള്ളിയ നിക്കരാഗ്വയിലെ അനസ്താസിയോ സൊമോസ, “അവൻ ഞങ്ങളുടെ നായയുടെ മകനാണ്” എന്ന് റൂസ്‌വെൽറ്റിനെക്കൊണ്ട് പറയിച്ച കടുത്ത അഴിമതിക്കാരനായിരുന്നു. ക്യൂബയുടെ വിഭവം അമേരിക്കൻ കമ്പനികൾക്ക് വിട്ടുകൊടുത്ത ഫുൾജെൻസിയോ ബാറ്റിസ്റ്റയും, ഹെയ്തിയെ ഭീതിയിലാഴ്ത്തിയ ഡുവാലിയർ കുടുംബവും ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.
സ്വന്തം ജനതയെ വന്ധ്യംകരിക്കാനും കോൺഗ്രസ് പിരിച്ചുവിടാനും അമേരിക്കയുടെ പിന്തുണ തേടിയ പെറുവിലെ ആൽബെർട്ടോ ഫുജിമോറിയും, അമേരിക്കൻ താല്പര്യങ്ങൾക്ക് വേണ്ടി എണ്ണപ്പാടങ്ങൾ വിട്ടുകൊടുത്ത ഫെർണാണ്ടോ ബെലൗണ്ടെയും ഇന്നും വെറുക്കപ്പെടുന്നു.
ഹോണ്ടുറാസിനെ ഒരു ‘ബനാന റിപ്പബ്ലിക്’ ആക്കി മാറ്റിയ മാനുവൽ ബോണില്ലയും, അമേരിക്കൻ പിന്തുണയോടെ സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചെങ്കിലും ഒടുവിൽ എംബസി പോലും അടച്ചുപൂട്ടേണ്ടി വന്ന ജുവാൻ ഗ്വെയ്ഡോയും ഈ വഞ്ചക പരമ്പരയിലെ അവസാന കണ്ണികളാണ്. അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കിയവർ അധികാരം നിലനിർത്തിയെങ്കിലും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ് അവരുടെ സ്ഥാനം.
എന്നാൽ, സ്വന്തം പരമാധികാരത്തിന് വേണ്ടി പൊരുതിയവർ ഇന്നും ദശലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു. ഇന്ന് ട്രംപ് വെനസ്വേലയ്ക്ക് നേരെ കണ്ണുരുട്ടുമ്പോൾ, അത് മഡുറോ എന്ന വ്യക്തിക്ക് നേരെയുള്ളതല്ല, മറിച്ച് ലാറ്റിൻ അമേരിക്കയുടെ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടവീര്യത്തിന് നേരെയുള്ളതാണ്….
The post വഞ്ചകർ അധികാരം വിറ്റപ്പോൾ ചങ്ക് കൊടുത്തവർ നായകരായി! ബൊളിവർ മുതൽ മഡുറോ വരെ നീളുന്ന ലാറ്റിൻ അമേരിക്കയുടെ ചോരപുരണ്ട ചരിത്രം appeared first on Express Kerala.



