
കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങിയ വിരാട് കോഹ്‌ലി തന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
നിലവിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി പരിശീലനം നടത്തുന്ന കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഉത്തപ്പ തന്റെ നിലപാട് വ്യക്തമാക്കിയത്. “അവന്റെ കണ്ണുകൾ ഒരു കഥ പറയുന്നുണ്ട്. കോഹ്‌ലി വിരമിക്കൽ പിൻവലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. അദ്ദേഹം വീണ്ടും വെള്ളക്കുപ്പായത്തിൽ കളിക്കുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു,” എന്ന് ഉത്തപ്പ എക്‌സിൽ കുറിച്ചു.
Also Read: മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം; കുട്ടിക്കാലത്തെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ജെമീമ റോഡ്രിഗസ്
ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്ത് മുന്നേറിയിരുന്ന കോഹ്‌ലിക്ക് 2020-ന് ശേഷം ഫോം നിലനിർത്താൻ പ്രയാസപ്പെടേണ്ടി വന്നിരുന്നു. 10,000 റൺസ് എന്ന ചരിത്ര നാഴികക്കല്ലിന് തൊട്ടടുത്ത് നിൽക്കെയായിരുന്നു അദ്ദേഹത്തിന്റെ പിൻമാറ്റം. 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനത്തെത്തുടർന്ന് കഴിഞ്ഞ മെയിലാണ് താരം ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. ഉത്തപ്പയുടെ ഈ പ്രസ്താവനയോടെ കോഹ്‌ലിയുടെ തിരിച്ചുവരവ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
The post വിരാടിന്റെ കണ്ണുകൾ ഒരു കഥ പറയുന്നുണ്ട്! ആ വിരമിക്കൽ തീരുമാനം മാറ്റൂ; ചിത്രങ്ങൾ പങ്കുവെച്ച് റോബിൻ ഉത്തപ്പ appeared first on Express Kerala.



