എയർ ഫോഴ്സ് വണ്ണിൽ സി എൻ എൻ റിപ്പോർട്ടർക്കു വൈറ്റ് ഹൗസ് നിരോധനം

Current: മലയാളം

വൈറ്റ് ഹൗസിൽ സി എൻ എൻ ഉൾപ്പെടെ മൂന്നു മാധ്യമങ്ങൾക്കു ഏർപ്പെടുത്തിയ നിരോധനം കോടതി നീക്കിയതിനു പിന്നാലെ, പ്രസിഡന്റ് ട്രംപിനൊപ്പം എയർ ഫോഴ്സ് വണ്ണിൽ യാത്ര ചെയ്യുന്നതിനു വെള്ളിയാഴ്ച്ച സി എൻ എന്നിന് വിലക്കു കൽപിച്ചു.
ടെന്നസിയിൽ ഫുട്ബോൾ കാണാൻ ശനിയാഴ്ച്ച ട്രംപ് പോകുന്ന യാത്രയിലാണ് അവർക്കു വിലക്ക്. വൈറ്റ് ഹൗസ് പ്രസ് പൂളിന്റെ ഭാഗമായി പറക്കേണ്ട സി എൻ എൻ റിപ്പോർട്ടർക്കു പകരം ആർ എ വിക്കാണ് അവസരം നൽകിയത്. റിപ്പോർട്ടർമാരുടെ എണ്ണം ചുരുക്കുമ്പോൾ പോകുന്നവർ വിവരങ്ങളും ദൃശ്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണ് പതിവ്. അത്തരം പൂൾ ഡ്യൂട്ടിയിൽ നിന്നു സി എൻ എൻ നിരോധിച്ചതോടെ ഫോക്സ്, എൻ ബി സി, എ ബി സി, സി ബി എസ് എന്നിവ ബഹിഷ്കരണം പ്രഖ്യാപിച്ചു.
എന്നാൽ വെള്ളിയാഴ്ച്ച കോടതി വിധിക്കു ശേഷം സി എൻ എൻ തിരിച്ചെത്തിയപ്പോൾ ബഹിഷ്കരണവും പിൻവലിച്ചു. പുതിയ നിയന്ത്രണം സി എൻ എൻ, എം എസ് നൗ, പൊളിറ്റിക്കോ എന്നിവർ ചേർന്നു നൽകിയ കേസിൽ എങ്ങിനെ സ്വാധീനം ചെലുത്തുമെന്നു വ്യക്തമല്ല. ട്രംപിന്റെ നിരോധനം സ്റ്റേ ചെയ്യുന്ന ഉത്തരവ് ആവശ്യപ്പെട്ടു തിങ്കളാഴ്ച്ച ഹർജി നൽകാനാണ് ജഡ്‌ജ് തിമോത്തി കെല്ലി നിർദേശിച്ചിട്ടുളളത്.




