ന്യൂയോർക്ക് ടൈംസ് എക്സിക്യൂട്ടീവ് വെടിയേറ്റ് മരിച്ചു; 77കാരായ ഭാര്യാപിതാവും മാതാവും അറസ്റ്റിൽ | Jonathan McKinsey murder case

Current: മലയാളം

അമേരിക്കയിലെ കാലിഫോർണിയയിൽ ന്യൂയോർക്ക് ടൈംസ് എക്സിക്യൂട്ടീവ് വെടിയേറ്റ് മരിച്ചു. സംഭവത്തിൽ മരിച്ചയാളുടെ ഭാര്യാപിതാവും മാതാവും ഉൾപ്പെടെ 77 വയസുള്ള ദമ്പതികളെ കൊലപാതകക്കുറ്റം സംശയിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. (Jonathan McKinsey murder case)
ന്യൂയോർക്ക് ടൈംസിലെ ഗെയിംസ് വിഭാഗത്തിന്റെ എൻജിനീയറിങ് ഡയറക്ടറായ 40കാരൻ ജോനാഥൻ മക്കിൻസിയാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ കാലിഫോർണിയയിലെ ഡബ്ലിനിലുള്ള ഡബ്ലിൻ സ്പോർട്സ് ഗ്രൗണ്ടിന്റെ പാർക്കിങ് സ്ഥലത്ത് ഒന്നിലധികം വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മക്കിൻസിയെ മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവസമയത്ത് സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഷോയോങ് ഷാങ്, ഷിലി ചെൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഡബ്ലിൻ സ്വദേശികളും വിവാഹിതരുമാണ്. മക്കിൻസിയുടെ ഭാര്യാപിതാവും മാതാവുമാണ് ഇവരെന്ന് ഡബ്ലിൻ പൊലീസ് സ്ഥിരീകരിച്ചു. ഇരുവരെയും സാന്താ റീറ്റ ജയിലിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് നിരവധി 911 കോളുകൾ ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തിയത്. മക്കിൻസിയുടെ മൃതദേഹത്തിന് സമീപം നിന്ന് തെളിവുകൾ ശേഖരിച്ച പൊലീസ്, സാക്ഷികളുടെ സഹായത്തോടെ പ്രതികളെ മിനിറ്റുകൾക്കുള്ളിൽ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. സംഭവത്തിൽ മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
2023 ജനുവരിയിലാണ് മക്കിൻസി ന്യൂയോർക്ക് ടൈംസിൽ ചേർന്നത്. ഗെയിംസ് പ്ലാറ്റ്‌ഫോമിലെ സീനിയർ എൻജിനീയറിങ് മാനേജരായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് ഗെയിംസ് വിഭാഗത്തിന്റെ എൻജിനീയറിങ് ഡയറക്ടറായി. ഇതിന് മുമ്പ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസ്, ഒറാക്കിൾ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മക്കിൻസിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അറസ്റ്റിലായ ദമ്പതികളുടെ പങ്കും സംബന്ധിച്ച അന്വേഷണം ഡബ്ലിൻ പൊലീസ് തുടരുകയാണ്. കൊലപാതകത്തിന്റെ വ്യക്തമായ കാരണം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Summary: New York Times Games engineering director Jonathan McKinsey was fatally shot in a California sports complex parking lot on September 26. Police arrested his 77-year-old parents-in-law, Shouyong Zhang and Shili Chen, on suspicion of murder, while the motive remains under investigation.




