"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റെനോ ട്രൈബർ 100പിഎസ് വിപണിയിൽ; 21 കിലോമീറ്റർ മൈലേജുമായി പുതിയ 7-സീറ്റർ, വില 7.84 ലക്ഷം മുതൽ | Renault Triber 100PS

September 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

Renault Triber 100PS

കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ മോഡലായ ട്രൈബറിന്റെ പുതിയ പതിപ്പ് ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു (Renault Triber 100PS). മികച്ച പ്രകടനം, ഉയർന്ന ഇന്ധനക്ഷമത, മത്സരാധിഷ്ഠിത വില എന്നിവ സംയോജിപ്പിച്ചെത്തുന്ന വാഹനത്തിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ട്രൈബർ 100പിഎസ് ലഭ്യമാകുന്നത്. ടോപ്പ് വേരിയന്റിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

പുതിയ മോഡലിന്റെ പ്രധാന സവിശേഷത ടർബോ TCe 100 പവർട്രെയിനാണ്. 100 പിഎസ് കരുത്തും 180 എൻഎം ടോർക്കുമാണ് എൻജിൻ നൽകുന്നത്. പ്രകടനശേഷിക്കൊപ്പം ഇന്ധനക്ഷമതയ്ക്കും പ്രാധാന്യം നൽകുന്ന വാഹനത്തിന് ലിറ്ററിന് 21 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് ലഭിക്കുമെന്ന് റെനോ വ്യക്തമാക്കി.

റെനോ ഗ്രൂപ്പിന്റെ പുതിയ എൻട്രി പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ വാഹനമാണിത്. പുതിയ റെനോ എൻജിൻ മാനേജ്‌മെന്റ് സിസ്റ്റം, പരിഷ്കരിച്ച സസ്പെൻഷൻ, MTV ഡാംപർ സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ ബ്രേക്കിംഗ് സംവിധാനം എന്നിവയാണ് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. തെർമൽ മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിനായി ഹൈബ്രിഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന BLDC കൂളിംഗ് ഫാനും വാഹനത്തിലുണ്ട്.

മുൻ മോഡലിന്റെ ഫ്ലെക്സിബിൾ സീറ്റിംഗ് സംവിധാനവും പുതിയ ട്രൈബർ 100പിഎസിൽ നിലനിർത്തിയിട്ടുണ്ട്. ആവശ്യാനുസരണം 5, 6, 7 സീറ്റുകളായി ക്രമീകരിക്കാനാകും. അഞ്ച് സീറ്റുകൾ ഉപയോഗിക്കുമ്പോൾ 625 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കും. 182 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസിനൊപ്പം 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള റൂഫ് റെയിലുകളും വാഹനത്തിലുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും ട്രൈബർ 100പിഎസ് ശ്രദ്ധേയമാണ്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ എൽഇഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ വാഹനത്തിൽ ലഭ്യമാണ്. രണ്ടും മൂന്നും നിരകളിൽ പ്രത്യേക എസി വെന്റുകളോടുകൂടിയ ഇൻഡിപെൻഡന്റ് റിയർ എസി, ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയ്ക്കായി ആറ് എയർബാഗുകളും 21 മറ്റ് സുരക്ഷാ ഫീച്ചറുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. മുൻവശത്തെ പാർക്കിംഗ് സെൻസറുകൾ, ഗൈഡ്‌ലൈനുകളോടുകൂടിയ റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമാണ്.

നാല് മീറ്ററിൽ താഴെ നീളമുള്ള ട്രൈബർ 100പിഎസിന് ചെറിയ പെട്രോൾ കാറുകൾക്ക് ബാധകമായ 18 ശതമാനം ജിഎസ്ടി നിരക്കാണ് ബാധകമാകുന്നത്. ഇന്ത്യയിൽ ഇതുവരെ 2.5 ലക്ഷത്തിലധികം ട്രൈബർ വാഹനങ്ങൾ വിറ്റഴിച്ചതായും റെനോ അറിയിച്ചു.

റെനോ ഇന്ത്യയുടെ ഭാവി പദ്ധതികളിലെ പ്രധാന ചുവടുവെപ്പാണ് ട്രൈബർ 100പിഎസ് എന്ന് കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഫ്രാൻസിസ്കോ ഹിഡാൽഗോ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യവും പ്രായോഗികവുമായ നൂതന സാങ്കേതികവിദ്യകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ പുറത്തിറക്കിയ ക്വിഡ്, ഡസ്റ്റർ അഡ്വഞ്ചർ മോഡലുകൾക്ക് പിന്നാലെയാണ് ട്രൈബർ 100പിഎസും എത്തുന്നത്. 18 മാസത്തിനുള്ളിൽ 12 പുതിയ വാഹനങ്ങൾ വിപണിയിലെത്തിക്കാനുള്ള റെനോയുടെ പദ്ധതിയിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണിതെന്നും കമ്പനി വ്യക്തമാക്കി.

Story Summary:
Renault India has launched the new Triber 100PS seven-seater in India, with prices starting at ₹7.84 lakh ex-showroom. Powered by a 100 PS turbo engine producing 180 Nm of torque, the MPV claims a certified mileage of 21 km/l and comes with multiple comfort, technology and safety features.

Get more updates from Pudukad News on Google