തിരുവനന്തപുരത്ത് സിപിഎം നേതൃത്വത്തിൽ പൊളിച്ചെഴുത്തിന് കളമൊരുങ്ങുന്നു; ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അഴിച്ചുപണി, വിശാല ജില്ലാ കമ്മിറ്റി ഇന്ന് കോവളത്ത്. വി.കെ. മധുവിന് തിരിച്ചുവരവിന് വഴിയൊരുങ്ങും, ഷിജു ഖാനെയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കും; നിലവിലെ നേതാക്കളിൽ ഒരാളെ ഒഴിവാക്കാനും നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ബിജെപി മുന്നേറ്റവും പ്രധാന ചർച്ച; ജില്ലാ നേതൃത്വത്തിലെ മാറ്റങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകം

Current: മലയാളം

തിരുവനന്തപുരം: ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും സമഗ്ര അഴിച്ചുപണി നടന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ സിപിഎമ്മിൻെറ വിശാല ജില്ലാ കമ്മിറ്റിക്ക് ബുധനാഴ്ച കോവളത്ത് തുടക്കമാകും.ജില്ലാ സെക്രട്ടറി സ്ഥാനത്ത് വി ജോയ് എം.എൽ.എ തുടരുമെന്ന് ഉറപ്പാണ്.
വി.കെ മധുവിനെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരികെ കൊണ്ടു വന്നേക്കും.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരെ പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്ന് ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട നേതാവാണ് വി.കെ.മധു.
ഒരുകാലത്ത് ജില്ലാ സെക്രട്ടറി വരെയാകുമെന്ന് കരുതപ്പെട്ടിരുന്ന നേതാവായ മധു ജില്ലാ സെക്രട്ടേറിയേറ്റിൽ ഇടംപിടിച്ചാൽ അദ്ദേഹത്തിന് അതൊരു തിരിച്ചുവരവായിരിക്കും.
യുവ നേതാവ് ഷിജു ഖാനേയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നതായി സൂചനയുണ്ട്. ബാലസംഘം, ഡി.വൈ.എഫ്.ഐ നേതൃനിരയിലൂടെ വളർന്നുവന്ന ഷിജു ഖാനെ ഉൾപ്പെടുത്തുന്നത് ജില്ലാ നേതൃത്വത്തിൽ യുവ പ്രാതിനിധ്യം ഉറപ്പാക്കാൻ സഹായിക്കും.
എന്നാൽ നിലവിലെ സെക്രട്ടേറിയറ്റിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയാൽ മാത്രം പകരം നേതാക്കളെ ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിൻെറ നിർദ്ദേശം.
പ്രായപരിധിയോട് അടുത്തവരും സംഘടനാ രംഗത്ത് കാര്യമായ സംഭാവനകൾ നൽകാത്തവരും പുതിയ കാലത്തെ മാറ്റങ്ങളെ കുറിച്ച് ഒരറിവും ഇല്ലാത്തവരെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.എൻ.രതീന്ദ്രൻ,ബി.പി.മുരളി എന്നിവരിൽ ഒരാളെയാകും ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാക്കുക.ജില്ലാ സെക്രട്ടേറിയേറ്റിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല.
ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ചർച്ചയിൽ ഉയർന്നുവരുമെന്ന് ഉറപ്പാണ്.കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലായി തലസ്ഥാന ജില്ലയിലെ ഒരു മണ്ഡലത്തിലും മുസ്ളീം വിഭാഗത്തിൽ നിന്നുളള സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചിട്ടില്ല.പാർലമെൻററി രംഗത്തും സംഘടനാ നേതൃത്വത്തിലും ന്യൂനപക്ഷ വിഭാഗത്തിന് പ്രാതിനിധ്യമില്ലാത്ത അവസ്ഥക്ക് മാറ്റം വരണമെന്ന നിർദ്ദേശം ജില്ലാ സെക്രട്ടറി അവതരിപ്പിക്കുന്ന റിപോർട്ടിൽ തന്നെയുണ്ടെന്നാണ് സൂചന.
ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കിക്കൊണ്ടോ അംഗസംഖ്യ വർദ്ധിപ്പിച്ചോ ജില്ലാ സെക്രട്ടേറിയേറ്റിൽ പുതിയ നേതാക്കളെ ഉൾപ്പെടുത്താൻ സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശിയേക്കും.നിലവിലുളള ജില്ലാ കമ്മിറ്റിയിലും അഴിച്ചുപണിക്ക് നല്ല സാധ്യതയുണ്ട്. വഞ്ചിയൂർ ഏര്യാ സെക്രട്ടറി എം പി റസ്സൽ, ഡിവൈഎഫ്ഐ മുൻ നേതാക്കളായ എം പ്രദീപ് , വട്ടപ്പാറ ബിജു എന്നിവരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് സാധ്യത.
നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടത് മുന്നണിയ്ക്കും കനത്ത തിരിച്ചടി നേരിട്ട ജില്ലയാണ് തിരുവനന്തപുരം.ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽ 5 സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്.ഇതിൽ നാല് സീറ്റ് മാത്രമാണ് സിപിഎമ്മിന് ഉളളത്.യുഡിഎഫിന് 7 സീറ്റാണ് ലഭിച്ചത്.എന്നാൽ ബിജെപിക്ക് ജില്ലയിൽ രണ്ട് നിയമസഭാ സീറ്റുകളിൽ ജയിക്കാനായി എന്നതാണ് ശ്രദ്ധേയമായ കാര്യം.കഴക്കൂട്ടവും നേമവും നഷ്ടപ്പെടുന്നതിന് മുൻപ് തന്നെ 40 കൊല്ലത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിച്ച് കൊണ്ട് തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപി കൈയ്യടക്കിയിരുന്നു.
ബിജെപിയുടെ കടന്നുവരവ് മനസിലാക്കി ചെറുക്കുന്നതിൽ നേതൃപരമായ പരാജയം സംഭവിച്ച ജില്ലാ സെക്രട്ടേറിയേറ്റിന് തുടരാൻ അർഹതയില്ലെന്നാണ് ജില്ലാ കമ്മിറ്റി, ഏരിയാ കമ്മിറ്റി യോഗങ്ങളിൽ ഉയർന്ന ചർച്ച.സമാനമായ ചർച്ച വിശാല ജില്ലാ കമ്മിറ്റിയിലും സംഭവിക്കാനാണ് സാധ്യത.
അസാധാരണ തിരിച്ചടി നേരിട്ട തലസ്ഥാന ജില്ലയിലെ പാർട്ടിയിൽ അസാധാരണ നടപടികൾ വേണമെന്നാണ് ആവശ്യം.സാഹചര്യത്തിൻെറ ഗൌരവം ഉൾക്കൊണ്ടു കൊണ്ടുളള നടപടികൾക്ക് വിശാല ജില്ലാ കമ്മിറ്റി തയാറായില്ലെങ്കിൽ തിരുവനന്തപുരത്തെ സംഘടനാ സംവിധാനം ആകെ തകരുമെന്നാണ് നേതാക്കളും പ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്.




