നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് | Kerala rain alert

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പുള്ളത് (Kerala rain alert). ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാൾ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒക്ടോബർ മൂന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് ‘ശക്തമായ മഴ’യായി കണക്കാക്കുന്നത്. നിലവിലെ പ്രവചനമനുസരിച്ച് മഴ അതിശക്തമായ നിലയിലേക്ക് എത്താൻ സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Summary: Kerala is likely to receive isolated heavy rainfall from tomorrow, with yellow alerts issued for six districts. The India Meteorological Department has also forecast rainfall in several districts over the next few days.




