തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വോട്ട് ചോർച്ച. എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം മുന്നേറ്റമുണ്ടാക്കിയപ്പോൾ ബി.ജെ.പിക്ക് നഷ്ടമായത് 16,886 വോട്ടുകൾ. തിരുവനന്തപുരത്തെ കല്ലറയിലും പാലക്കാട്ടെ പല്ലശനയിലും കോട്ടയത്തെ തൃക്കൊടിത്താനത്തും നേരിട്ടത് ഏറ്റവും വലിയ തകർച്ച. കനത്ത തിരിച്ചടിക്കിടയിലും ഏക ആശ്വാസം സഖ്യകക്ഷിയായ ട്വന്റി-20ക്ക് കിട്ടിയ ഏക സീറ്റ് മാത്രം

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ വോട്ട് ചോർച്ചയും കനത്ത തിരിച്ചടിയും.
2025-ലെ പൊതുതെരഞ്ഞെടുപ്പിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പിക്ക് ഈ വാർഡുകളിൽ മാത്രം ആകെ 16,886 വോട്ടുകളുടെ ഇടിവാണുണ്ടായത്. കഴിഞ്ഞ തവണ 39,836 വോട്ടുകൾ സമാഹരിച്ച സ്ഥാനത്ത് ഇത്തവണ പാർട്ടിയുടെ ആകെ വോട്ട് 22,950 ആയി കുത്തനെ ഇടിഞ്ഞു.
തിരുവനന്തപുരത്തെ കല്ലറ, പാലക്കാട്ടെ പല്ലശന, കോട്ടയത്തെ തൃക്കൊടിത്താനം എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലാണ് ബി.ജെ.പി ഏറ്റവും വലിയ തകർച്ച നേരിട്ടത്. കല്ലറയിൽ മുൻപ് പതിനായിരത്തിലധികം വോട്ട് നേടിയ ബി.ജെ.പി 4,158 വോട്ടിലേക്ക് ചുരുങ്ങിയപ്പോൾ, പല്ലശനയിൽ 6,294 വോട്ടും തൃക്കൊടിത്താനത്ത് 2,735 വോട്ടും കുറഞ്ഞു.
അതേസമയം, യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാൻ ഇടതുമുന്നണിക്കായി. യു.ഡി.എഫിന്റെ ഏഴ് സിറ്റിംഗ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തപ്പോൾ, നാല് സീറ്റുകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
ആകെ ഫലത്തിൽ യു.ഡി.എഫ് 18 വാർഡുകളിലും എൽ.ഡി.എഫ് 16 വാർഡുകളിലും സ്വതന്ത്രർ നാല് വാർഡുകളിലും (ഇതിൽ ഒന്ന് ട്വന്റി ട്വന്റി) വിജയിച്ചു. യു.ഡി.എഫിൽ കോൺഗ്രസ് 12, മുസ്ലിം ലീഗ് 4, കേരള കോൺഗ്രസ് 2 വീതവും, എൽ.ഡി.എഫിൽ സി.പി.എം 13, സി.പി.ഐ 3 വീതവും സീറ്റുകൾ നേടി.
മുൻപ് ഈ 38-ൽ 22 സീറ്റുകൾ കൈവശം വെച്ചിരുന്ന യു.ഡി.എഫിന്റെ അംഗബലം സ്വതന്ത്രരടക്കം 19 ആയി ചുരുങ്ങിയപ്പോൾ, 15 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫ് തങ്ങളുടെ അംഗസംഖ്യ 18 ആയി ഉയർത്തി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് യു.ഡി.എഫ് എം.എൽ.എമാർ രാജി വെച്ചൊഴിഞ്ഞ രണ്ട് തദ്ദേശ വാർഡുകളിലും എൽ.ഡി.എഫ് അട്ടിമറി വിജയം നേടി. ചങ്ങനാശ്ശേരി എം.എൽ.എ വിനു വി. ജോബ് ഒഴിഞ്ഞ കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ എൽ.ഡി.എഫിലെ മഞ്ജു സുജിത്തും, ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ ഒഴിഞ്ഞ ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തു.
പരുത്തിക്കാവിൽ ഇരുമുന്നണികൾക്കും തുല്യവോട്ട് ലഭിച്ചതിനെത്തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് എൽ.ഡി.എഫിലെ വി. തുളസീധരൻ വിജയിച്ചത്.
മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ രണ്ടിടത്തും എൽ.ഡി.എഫ് വിജയം കൊയ്തു. തൃക്കൊടിത്താനത്തിന് പുറമെ പാലക്കാട് പല്ലശ്ശന ഡിവിഷനിൽ എൽ.ഡി.എഫിലെ വി. പൊന്നുക്കുട്ടൻ വിജയിച്ചു. സുധീർഷാ പാലോട് എം.എൽ.എ ആയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്ന തിരുവനന്തപുരം കല്ലറ ഡിവിഷനിൽ യു.ഡി.എഫിലെ അമിത് തിലക് വിജയം നിലനിർത്തി.
ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ അഞ്ചും എൽ.ഡി.എഫ് നേടിയപ്പോൾ ഒരിടത്ത് യു.ഡി.എഫും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. രമ്യ ഹരിദാസ് എം.എൽ.എയുമായി ബന്ധപ്പെട്ട തർക്കം സജീവ ചർച്ചയായ ചിറയിൻകീഴ് ബ്ലോക്കിലെ അഞ്ചുതെങ്ങ് ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തു.
23 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 13 ഇടത്ത് യു.ഡി.എഫും ഏഴിൽ എൽ.ഡി.എഫും മൂന്നിടത്ത് സ്വതന്ത്രരും വിജയം കണ്ടപ്പോൾ, മൂന്ന് നഗരസഭാ വാർഡുകളിൽ രണ്ടും എൽ.ഡി.എഫ് നേടി. രണ്ട് കോർപ്പറേഷൻ വാർഡുകളിൽ ഓരോന്ന് വീതം ഇരുമുന്നണികളും പങ്കിട്ടെടുത്തു.




