പണത്തെച്ചൊല്ലിയ തർക്കം; കല്യാണിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളിയെന്ന് പൊലീസ്, ടാറ്റൂവിലൂടെ തിരിച്ചറിഞ്ഞു | Kalyani murder case Andhra Pradesh

Current: മലയാളം

വിജയവാഡ: ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലെ ഗുണ്ടൂരിൽ 35കാരിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മംഗളഗിരി സ്വദേശിനിയായ കല്യാണിയെ കൊലപ്പെടുത്തിയ കേസിൽ കാമുകനായിരുന്ന മുഹമ്മദ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണിയുടെ കുട്ടിയെക്കുറിച്ചും പണത്തെച്ചൊല്ലിയുമുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. (Kalyani murder case Andhra Pradesh)
ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണി പിന്നീട് മുഹമ്മദ് ഷാഫിയുമായി അടുപ്പത്തിലാവുകയായിരുന്നു. ഷാഫിയുടെ സംരക്ഷണയിലായിരുന്നു പിന്നീട് കല്യാണിയെന്നും പൊലീസ് പറയുന്നു. സെപ്റ്റംബർ 17ന് ഭവാനിപുരത്തെ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ഷാഫി കല്യാണിയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാനും ഒളിപ്പിക്കാനും ശരീരഭാഗങ്ങൾ വേർതിരിച്ച് ചാക്കുകളിലാക്കി ഗൊല്ലപ്പുടി മേഖലയിലെ കനാലിൽ ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 18ന് വിജയവാഡയിലെ തെർമൽ പവർ സ്റ്റേഷനോട് ചേർന്ന കനാലിൽ നിന്ന് സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഇബ്രാഹിംപട്ടണം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആന്ധ്രാപ്രദേശിലും സമീപ പ്രദേശങ്ങളിലും കാണാതായ സ്ത്രീകളുടെ കേസുകൾ പരിശോധിച്ചു. ഡ്രോണുകളുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കനാലിൽ നടത്തിയ തെരച്ചിലിൽ തലയും കാലുകളും ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി. ഒരു കൈ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അജ്ഞാത മൃതദേഹത്തിന്റെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതിന് പിന്നാലെ യുവതിയുടെ സഹോദരൻ കൈയിലെ ടാറ്റൂവും മറ്റ് അടയാളങ്ങളും തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് കല്യാണിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ മുഹമ്മദ് ഷാഫി ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും കണ്ടെത്തിയിട്ടുണ്ട്. കല്യാണിയുടെ ഫോൺ കോൾ വിവരങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൊലപാതകത്തിന്റെ സാഹചര്യങ്ങളും വിശദമായി അന്വേഷിക്കുകയാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ എൻ.എസ്.വി.കെ. ദുർഗ റാവു അറിയിച്ചു.
Summary: Police have arrested Muhammad Shafi in connection with the murder of 35-year-old Kalyani in Andhra Pradesh. Investigators say a dispute over money and her child preceded the killing, while her identity was confirmed through a tattoo and other identifying marks.




