മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും; പൊതുപരിപാടികളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും | CM VD Satheesan security

Current: മലയാളം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ തീരുമാനം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനൊപ്പം പൊതുപരിപാടികളിലും യാത്രാവേളകളിലും അനിയന്ത്രിതമായ ജനക്കൂട്ടം അദ്ദേഹത്തോട് അടുത്തിടപഴകുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത്. (CM VD Satheesan security)
മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടികളിലും അധിക സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസമുണ്ടാകും. അതേസമയം, യാത്രാവേളയിൽ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രമായിരിക്കും അകമ്പടിയായി ഉണ്ടാകുക. മന്ത്രിമാരുടെ സുരക്ഷയും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുപരിപാടികളിലും യാത്ര ചെയ്യുന്ന സ്ഥലങ്ങളിലും യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമേ മഫ്തിയിലുള്ള ഉദ്യോഗസ്ഥരെയും വിന്യസിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരുന്നു. ജനക്കൂട്ടം നിയന്ത്രണമില്ലാതെ മുഖ്യമന്ത്രിയുടെ അടുത്തെത്തുകയും ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ ഇടപഴകുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് നിർദേശം.
അടുത്തിടെ വിവിധ പരിപാടികളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് സമീപം എത്തുന്ന സാഹചര്യങ്ങളും പൊലീസ് വിലയിരുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകാമെന്നായിരുന്നു ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടി വേദികളിലും യാത്രാമാർഗങ്ങളിലും മതിയായ പൊലീസ് സാന്നിധ്യം ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, യാത്രയ്ക്കിടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കൂടുതൽ വാഹനങ്ങൾ ഉൾപ്പെടുത്തണമെന്ന പൊലീസ് നിർദേശം മുഖ്യമന്ത്രി നേരത്തെ അംഗീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള അധിക സുരക്ഷ വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Summary: Kerala Chief Minister V.D. Satheesan’s security arrangements are being strengthened with additional police deployment at public programmes. The move follows concerns over crowding around the Chief Minister and ongoing protests, while plainclothes officers will also be deployed at venues and along travel routes.




