ഓപ്പറേഷൻ തണ്ടർ; മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ | Operation Thunder

Current: മലയാളം

കണ്ണൂർ: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ (Operation Thunder). മലപ്പുറം പുതുപൊന്നാനി സ്വദേശിയായ ഡോക്ടർ ഇർഷാദ് എച്ച്.എ (33), തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ ഡോക്ടർ സിദ്ധാർഥ് സി.പി (31) എന്നിവരെയാണ് ഇരിട്ടി എക്സൈസ് സംഘം പിടികൂടിയത്.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 2.809 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ജീപ്പായ ഥാറിലും സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റിലായവരിൽ ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പി.ജി പഠിക്കുന്ന വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുമാണെന്ന് അധികൃതർ അറിയിച്ചു.
ചോദ്യം ചെയ്യലിൽ ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇരുവരും മൊഴി നൽകിയതായി എക്സൈസ് സംഘം വ്യക്തമാക്കി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. അഭിജിത്, സി.വി. റിജുൻ, കെ.കെ. രാഗിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പ്രതികളെ മട്ടന്നൂർ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി. കേസിലെ തുടർനടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.
Story Summary:
Two doctors were arrested in Mattannur, Kannur, after the Excise Department allegedly recovered 2.809 grams of MDMA during an Operation Thunder inspection. Officials said one accused is a postgraduate medical student in Bengaluru, while the other is a young doctor at a private medical college in Kannur.




