
തേക്കിൻകാട് മൈതാനത്തിലേക്ക് കലോത്സവം കൊട്ടിക്കയറാൻ ഇനി മൂന്ന് ദിനങ്ങൾ മാത്രം. 25 വേദികളിലായി 249 ഇനങ്ങളിൽ മാറ്റുരയ്ക്കാൻ 15,000ത്തോളം കലാപ്രതിഭകളാണ് സാംസ്‌കാരിക നഗരിയിലേക്ക് എത്തുന്നത്. കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകളെല്ലാം അവസാന ഘട്ടത്തിലാണ്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന പ്രൗഢഗംഭീരമായ ഘോഷയാത്രയിലൂടെയാണ് വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് നഗരിയിൽ എത്തിക്കുക. മത്സരാർത്ഥികൾക്കും അധ്യാപകർക്കും താമസസൗകര്യം എളുപ്പത്തിൽ കണ്ടെത്താൻ ക്യുആർ കോഡ് സംവിധാനവും ഡിജിറ്റൽ മാപ്പും സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടനം ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടി റിയാ ഷിബു എന്നിവർ പങ്കെടുക്കും. സമാപനസമ്മേളനം ജനുവരി 18-ന് വൈകുന്നേരം 4 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മെഗാസ്റ്റാർ മോഹൻലാൽ ചടങ്ങിലെ മുഖ്യാതിഥിയാകും. ജില്ലകളിലെ മത്സരാർത്ഥികൾക്കായി തൃശൂരിലെ വിവിധ സ്കൂളുകളിൽ താമസസൗകര്യം ഒരുക്കി. ഡിജിറ്റൽ രൂപത്തിലുള്ള ലിസ്റ്റിലൂടെ ക്ലിക്ക് ചെയ്താൽ താമസസ്ഥലത്തേക്കുള്ള വഴിയും, ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും ഉടനടി ലഭ്യമാകും.
The post പൂരം നഗരിയിൽ ഇനി കലോത്സവപ്പൂരം; തൃശൂർ ഒരുങ്ങി, തിരിതെളിയാൻ 3 നാൾ appeared first on Express Kerala.



