‘ഏതു പ്രതിസന്ധിയേയും വൈഷമ്യങ്ങളെയും സൗമ്യമായ ചിരിയോടു കൂടി നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു’: ഓർമ്മകൾ പങ്കുവച്ച് പിണറായി വിജയൻ | Pinarayi Vijayan

Current: മലയാളം

തിരുവനന്തപുരം: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ കുറിപ്പുമായി പിണറായി വിജയൻ. കോടിയേരിയുടെ വിയോഗം വ്യക്തിപരമായും പ്രസ്ഥാനത്തിനും സൃഷ്ടിച്ച വിടവ് നികത്താനാവാത്തതാണെങ്കിലും, അവിസ്മരണീയമായ ആ ഓർമ്മകൾ ഒരു വഴിവിളക്ക് പോലെ ഇന്നും നമുക്ക് മുന്നിൽ ജ്വലിച്ചു നിൽക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Pinarayi Vijayan Remembers Kodiyeri Balakrishnan On His Fourth Death Anniversary)
ഏതു കടുത്ത പ്രതിസന്ധിയെയും സൗമ്യമായ പുഞ്ചിരിയോടെയും എന്നാൽ കാരിരുമ്പിന്റെ കാർക്കശ്യത്തോടെയും നേരിടാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന് അടിയന്തരാവസ്ഥക്കാലത്തെ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. തലശ്ശേരി കലാപകാലത്ത് ജീവൻ പണയം വെച്ചും മതസൗഹാർദ്ദം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മാതൃകയും ആഭ്യന്തരമന്ത്രി എന്ന നിലയിൽ പൊലീസിലും ടൂറിസം മേഖലയിലും വരുത്തിയ പരിഷ്കാരങ്ങളും അദ്ദേഹത്തിലെ മികച്ച ഭരണാധികാരിയെ വെളിവാക്കുന്നതാണെന്ന് പിണറായി ചൂണ്ടിക്കാട്ടി.
നാൾവഴികളിൽ എക്കാലവും വലിയ കരുത്തായി ഒപ്പമുണ്ടായിരുന്ന സഖാവുമായുള്ള ആത്മബന്ധം വാക്കുകൾക്ക് അതീതമാണെന്നും, സമത്വപൂർണ്ണമായ ലോകം കെട്ടിപ്പടുക്കാനുള്ള പോരാട്ടങ്ങൾക്ക് കോടിയേരിയുടെ ഓർമ്മകൾ നിരന്തരം ഊർജ്ജം പകരുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Story Summary
Kerala Chief Minister Pinarayi Vijayan remembered late CPI(M) leader Kodiyeri Balakrishnan on his fourth death anniversary, highlighting his irreplaceable role in the party and administration. He praised Kodiyeri’s political journey, leadership during crises, and police reforms as Home Minister, stating that his memories continue to inspire ongoing political struggles.




