യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചു

🌐 Select your Language:
Current: മലയാളം
Current: മലയാളം

ലിവർപൂൾ: പ്രവാസി മലയാളികളുടെ കലാപ്രതിഭകൾക്ക് മാറ്റുരയ്ക്കാൻ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്‌ട്രേഷൻ പൂർത്തിയായി.
ഒക്ടോബർ 11-ന് ലിവർപൂളിൽ അരങ്ങേറുന്ന കലാമാമാങ്കത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായാണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള സംഘടിപ്പിക്കുന്നത്. ജന്മനാടിന്റെ കലയും സംസ്കാരവും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, പ്രവാസലോകത്തെ കലാപ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും മാറ്റുരയ്ക്കാനും യുക്മ കലാമേളകൾ മികച്ച വേദിയൊരുക്കുന്നു.
സെപ്റ്റംബർ 26-ന് രജിസ്‌ട്രേഷൻ അവസാനിച്ചപ്പോൾ 500-ലേറെ മത്സരാർത്ഥികളാണ് വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കാൻ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മത്സരാർത്ഥികളുടെ വലിയ പങ്കാളിത്തം ഇത്തവണത്തെ കലാമേളയെ കൂടുതൽ ആവേശകരമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കലാമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളുടെ സജീവ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ്, സ്റ്റേജ് ക്രമീകരണം, വിധികർത്താക്കളുടെ ഏകോപനം, സ്വാഗതം, മീഡിയ, ലൈറ്റ് ആൻഡ് സൗണ്ട്, സേഫ് ഗാർഡിംഗ് & പ്രഥമശുശ്രൂഷ തുടങ്ങി വിവിധ മേഖലകൾക്കായി പ്രത്യേക ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.
വിപുലമായ സംഘാടക സമിതിയിൽ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് രക്ഷാധികാരിയായും യുക്മയുടെ മുൻ ജനറൽ സെക്രട്ടറിമാരായ കുര്യൻ ജോർജ്, അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ എന്നിവർ രക്ഷാധികാരികളും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി വരാക്കുടി ചെയർമാനും, റീജിയൺ സെക്രട്ടറി സനോജ് വർഗീസ് ജനറൽ കൺവീനറുമായിരിക്കും. ജോയിൻ്റ് കൺവീനറായി കലാമേള കോർഡിനേറ്റർ രാജീവ് സി പി യും, ഫിനാൻസ് കൺട്രോളറായി റീജിയണൽ ട്രഷറർ ഷാരോൺ ജോസഫും പ്രവർത്തിക്കും.
Get more updates from Pudukad News on Google




