
സംസ്ഥാന സർക്കാരിന്റെ ‘ബാക് ടു ക്യാമ്പസ്’ നൈപുണ്യ പരിശീലന പദ്ധതി വഴി ഇതിനോടകം ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കനകക്കുന്നിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിങ് കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയ തൊഴിലന്വേഷകർക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നൽകി അവരെ ജോലിക്ക് പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 60,000 പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 40,000-ത്തോളം പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇപ്പോൾ പഠനം പൂർത്തിയാക്കിയവർക്ക് പുറമെ, മുൻവർഷങ്ങളിൽ കോഴ്സ് കഴിഞ്ഞ് തൊഴിൽ തേടുന്നവർക്കും ഈ പരിശീലനത്തിൽ പങ്കാളികളാകാം.
Also Read: MHT CET 2026! രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം
35 ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം നൽകുകയും അതിൽ ചുരുങ്ങിയത് 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ഉറപ്പാക്കുകയുമാണ് നോളജ് ഇക്കണോമി മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അവർ പഠിച്ച വിഷയത്തിൽ പ്രായോഗിക നൈപുണ്യം ഇല്ലെന്ന പരാതി ഉണ്ടാകരുത്. നവലോകത്തിന് അനുയോജ്യമായ രീതിയിൽ ഉദ്യോഗാർത്ഥികളെ മാറ്റിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുൻ ധനകാര്യ മന്ത്രിയും വിജ്ഞാനകേരള പദ്ധതി ഉപദേശകനുമായ ടി. തോമസ് ഐസക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വി.സി പ്രൊഫ. ജഗതിരാജ് വി.പി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
The post പഠിച്ചിറങ്ങുന്നവർക്ക് നൈപുണ്യ പരിശീലനം; 60,000 പേർക്ക് തൊഴിൽ ലക്ഷ്യമിട്ട് ‘ബാക് ടു ക്യാമ്പസ്’ appeared first on Express Kerala.



