ഗ്യാനേഷ് കുമാര്‍ വെറും പരല്‍മീന്‍, ലക്ഷ്യം നരേന്ദ്ര മോദിയുടെ രാജി: കെസി വേണുഗോപാല്‍

Current: മലയാളം

കൊല്ലം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നരേന്ദ്ര മോദിയുടെ കയ്യിലെ ഉപകരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
ഗ്യാനേഷ് കുമാറിന്റെ രാജി മാത്രമല്ല കോണ്‍ഗ്രസിന്റെയും യുവാക്കളുടെയും ലക്ഷ്യം.
അദ്ദേഹം വെറുമൊരു പരല്‍മീന്‍ മാത്രമാണ്, നരേന്ദ്ര മോദിയുടെ രാജിയാണ് യഥാര്‍ത്ഥ ലക്ഷ്യമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഗാന്ധിജയന്തി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജെന്‍ ഇന്ത്യ മൂവ്മെന്റ്’ പദയാത്ര കൊല്ലം ചിന്നക്കടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും ദിവസങ്ങളില്‍ ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരം ശക്തമാകും. ആ ജനരോഷത്തില്‍ മോദിക്കും അമിത് ഷായ്ക്കും ഗ്യാനേഷ് കുമാറിനും രാജി വെക്കേണ്ടി വരും.
നിഷ്പക്ഷമായി പെരുമാറേണ്ട റഫറി ഒരു ടീമിനൊപ്പം ചേര്‍ന്ന് കള്ളം പറയുന്നതിന് തുല്യമാണ് ഗ്യാനേഷ് കുമാറിന്റെ നിലപാട്.
കേരള കേഡര്‍ ഐഎഎസ്. ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് മൂന്ന് വിജിലന്‍സ് കേസുകളില്‍ പ്രതിയായിരുന്നു. അമിത് ഷായ്ക്ക് വേണ്ടി ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചതും അദ്ദേഹമാണ്.
രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ വിരമിച്ച ശേഷം അവര്‍ക്കെതിരെ കേസെടുക്കാന്‍ നിയമപരമായ സാധുതയുണ്ട്.
എന്നാല്‍, വിരമിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്ത്, ആജീവനാന്ത സംരക്ഷണം നല്‍കിയാണ് ബി.ജെ.പി. ഗ്യാനേഷ് കുമാറിനെ ഈ പദവിയിലേക്ക് കൊണ്ടുവന്നത്.
എസ്‌ഐആര്‍ വഴി 13.3 കോടി വോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത്.
ബി.ജെ.പിക്കും ഗ്യാനേഷ് കുമാറിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പോരാടുമ്പോള്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസിനോട് പ്രകോപനം കാട്ടുകയാണ്.
കരിങ്കൊടി പ്രതിഷേധങ്ങളെ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഭയക്കുന്നില്ല.
ഓരോ തവണ കരിങ്കൊടി കാണിക്കുമ്പോഴും തങ്ങള്‍ അമിത് ഷായ്‌ക്കെതിരെ നടത്തുന്ന സമരത്തിന് കൂടുതല്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




