
മകരവിളക്കിന് മുന്നോടിയായി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ച് കർശന നിർദ്ദേശങ്ങൾ നൽകി. ദർശനത്തിനായി എത്തുന്നവരുടെ എണ്ണത്തിലും യാത്രാ പാതകളിലും വിപുലമായ നിയന്ത്രണങ്ങളാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്.
മകരവിളക്ക് ദിവസമായ 14ന് വെർച്വൽ ക്യൂ ബുക്കിങ് 30,000 പേർക്കായിരിക്കും.13ന് 35,000 പേർക്കും. 15 മുതൽ 18 വരെ 50,000 പേർക്കും 19ന് 30,000 പേർക്കും വെർച്വൽ പാസ് നൽകാം. സ്‌പോട്ട് ബുക്കിങ് 5,000 പേർക്കായി നേരത്തെ തന്നെ പരിമിതപ്പെടുത്തിയിട്ടുണ്ട്.
Also Read: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; കാട്ടാക്കടയിൽ യുവാവിന് ദാരുണാന്ത്യം
ജനുവരി 14-ന് രാവിലെ 10-ന് ശേഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും, 11-ന് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കും ആരെയും അനുവദിക്കില്ല. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനായി ഉച്ചയ്ക്ക് 12 മുതൽ സന്നിധാനത്ത് കർശന നിയന്ത്രണമാണ് ഉണ്ടാവുക. എരുമേലി വഴി 1,000 പേരെയും സത്രം-പുല്ലുമേട് വഴി 1,500 പേരെയും മാത്രമേ അനുവദിക്കൂ. പുല്ലുമേട്ടിൽ മകരവിളക്ക് ദർശിക്കാൻ പരമാവധി 5,000 പേർക്ക് മാത്രമാണ് അനുമതി. ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. പാസില്ലാത്തവർക്കോ സമയക്രമം തെറ്റിച്ചു വരുന്നവർക്കോ പ്രവേശനമുണ്ടാകില്ല. വനപാതകളിലൂടെയുള്ള അനധികൃത പ്രവേശം വനംവകുപ്പ് തടയണം.
മകരവിളക്ക് ദിവസം വൈകീട്ട് 6 മുതൽ 7 വരെ സന്നിധാനത്ത് മാധ്യമപ്രവർത്തകർക്കും നിയന്ത്രണമുണ്ട്. ഒരു സ്ഥാപനത്തിൽ നിന്ന് രണ്ട് അക്രഡിറ്റഡ് ജീവനക്കാർക്ക് മാത്രമേ അനുമതിയുള്ളൂ. ക്ഷേത്രപരിസരത്ത് ട്രൈപോഡുകളോ കേബിളുകളോ ഉപയോഗിക്കാൻ പാടില്ല. പമ്പാ ഹിൽടോപ്പിൽ തീർഥാടകരുടെ വേഗത്തിലുള്ള മടക്കയാത്രയ്ക്കായി പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും നിർദേശമുണ്ട്.
The post മകരവിളക്ക്; ശബരിമലയിൽ കർശന നിയന്ത്രണം appeared first on Express Kerala.



