രാജ്യത്തുടനീളമുള്ള ജനകീയ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി രാഹുൽ ഗാന്ധി | Rahul Gandhi

Current: മലയാളം

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനായി ‘സത്യാഗ്രഹ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനാഘോഷങ്ങൾക്ക് തൊട്ടടുത്ത ദിവസമാണ് ഗാന്ധിജിയുടെ അഹിംസാധിഷ്ഠിത പോരാട്ട തത്ത്വചിന്തയെ മുൻനിർത്തിയുള്ള ഈ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്.(Rahul Gandhi Launches Satyagraha Digital Platform To Map Protests Across India)
തങ്ങളുന്നയിക്കുന്ന ആവശ്യങ്ങളും നേരിടുന്ന അനീതികളും ജനങ്ങൾക്ക് ഈ വെബ്‌സൈറ്റിലൂടെ ലോകത്തെ അറിയിക്കാം. ഇന്ററാക്ടീവ് മാപ്പ് വഴി സമാനമായ പോരാട്ടങ്ങൾ നടത്തുന്ന മറ്റുള്ളവരെ കണ്ടെത്താനും നേരിട്ടുള്ള പിന്തുണ ഉറപ്പാക്കാനും ‘സത്യാഗ്രഹ’ പ്ലാറ്റ്‌ഫോം വഴി സാധിക്കും. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വെബ്‌സൈറ്റിൽ പങ്കുവെക്കാൻ കേവലം രണ്ടു മിനിറ്റ് സമയം മാത്രമേ ആവശ്യമുള്ളൂവെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
യുവാക്കൾ, വിദ്യാർത്ഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടങ്ങൾ എളുപ്പത്തിൽ അടിച്ചമർത്തപ്പെടാൻ സാധ്യതയുണ്ടെന്നും, എന്നാൽ ഒന്നിച്ച് നിൽക്കുമ്പോൾ സത്യത്തിൻ്റെ ശബ്ദത്തിന് ശക്തികൂടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ജനങ്ങളുടെ ശബ്ദമാകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും, തെരുവുകളിലും പാർലമെന്റിലും കത്തുകൾ മുഖേനയും ജനകീയ ആവശ്യങ്ങൾക്കായി താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വിദ്യാഭ്യാസ രംഗത്തെ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് വെബ്‌സൈറ്റിൽ നിലവിൽ ഏറ്റവും കൂടുതൽ പരാതികളും വിവരങ്ങളും ലഭിച്ചിട്ടുള്ളത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതും, ഡൽഹി ജന്തർ മന്തറിൽ കോക്രോച് ജനത പാർട്ടി പോലുള്ള യുവജന സംഘടനകൾ നടത്തിയ സമരങ്ങളും ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരത്തിൽ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് കൃത്യമായ പിന്തുണ നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Story Summary
Lok Sabha Leader of Opposition Rahul Gandhi launched the “Satyagraha” digital platform to unite and map various issue-based protests and public struggles happening across India. The initiative allows citizens to share details of their demonstrations on an interactive map and seek support, with Rahul Gandhi promising to raise their voices both inside and outside Parliament.




