"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാനഡയിൽ വ്യവസായികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടാനും പെട്രോൾ ബോംബെറിയാനും ശ്രമം: ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമം അഴിച്ചുവിട്ട അഞ്ച് ഇന്ത്യൻ വംശജർ പിടിയിൽ; ഇന്ത്യയിൽ നിന്ന് തന്ത്രപൂർവ്വം വരുത്തി സങ്കേത് സിംഗ്ലയെ ടൊറന്റോ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്ത് കാനഡ പോലീസ്

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഒട്ടാവ: വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടല്‍, വെടിവെപ്പ്, തീവെപ്പ്, ആയുധ-മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യന്‍ വംശജരെ കാനഡയില്‍ പോലീസ് അറസ്റ്റ് ചെയ്തു. 


2025 ജൂണില്‍ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഒരു പ്രമുഖ കാര്‍ ഡീലര്‍ഷിപ്പ് ഉടമയ്ക്ക് നേരെ ഭീഷണി സന്ദേശം എത്തുകയും, തുടര്‍ന്ന് ലാംഗ്ലി, സറേ എന്നിവിടങ്ങളിലെ ഇവരുടെ സ്ഥാപനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണങ്ങളും വെടിവെപ്പും നടക്കുകയും ചെയ്തിരുന്നു. 


തുടര്‍ന്ന് റോയല്‍ കാനഡിയന്‍ മൗണ്ടഡ് പോലീസ് നടത്തിയ 16 മാസം നീണ്ട വിപുലമായ അന്വേഷണത്തിനൊടുവിലാണ് ‘വിദേശ പൗരന്മാരായ’ അഞ്ചുപേരും പിടിയിലായത്.

ഇന്ത്യയില്‍ നിന്നുള്ള 23-കാരന്‍ സങ്കേത് സിംഗ്ലയെ കാനഡയിലേക്ക് തന്ത്രപൂര്‍വ്വം വരുത്തി ടൊറന്റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

സാഹില്‍ (24), സിമ്രന്‍ജീത്ത് സിംഗ് (24), ഹര്‍ഷ് (21), ജഗ്ദീപ് സിംഗ് (24) എന്നിവരാണ് അറസ്റ്റിലായ മറ്റ് നാലുപേര്‍. ഇതില്‍ ആദ്യത്തെ മൂന്നുപേര്‍ ബ്രിട്ടിഷ് കൊളംബിയയിലും ജഗ്ദീപ് ഒന്റാറിയോയിലുമാണ് താമസിച്ചിരുന്നത്. 


അഞ്ചുപേര്‍ക്കെതിരെയും പണം തട്ടല്‍ കുറ്റം ചുമത്തിയതിന് പുറമെ വിനാശകരമായ സ്‌ഫോടകവസ്തുക്കളും മോളോടോവ് കോക്ടെയിലുകളും ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്ക് തീവെച്ചതിനും കോക്കെയ്ന്‍, ഫെന്റനൈല്‍ തുടങ്ങിയ മയക്കുമരുന്നുകളും നിരോധിത ആയുധങ്ങളും കടത്തിയതിനും കാനഡ പ്രോസിക്യൂഷന്‍ കേസെടുത്തു. 


പ്രതികളില്‍ നിന്നും നാല് തോക്കുകളും മാരകമായ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കാനഡയിലെ ദക്ഷിണേഷ്യന്‍ വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ഈ വന്‍ തട്ടിപ്പ് ശൃംഖലയ്ക്ക് പിന്നില്‍ ഇന്ത്യയിലെ ലൊറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിന് ബന്ധമുണ്ടോയെന്ന് കോടതി നടപടികള്‍ക്കിടെ വ്യക്തമാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google