മലപ്പുറത്തിനെതിരായ പരാമർശം ആസൂത്രിതം; ‘ബിജെപിയുടെയും ആർഎസ്എസിന്റെയും ഭാഷയിൽ സിപിഎം സംസാരിക്കുന്നു’; നന്ദകുമാറിന്റെ പ്രസ്താവന സിപിഎം അജണ്ടയുടെ ഭാഗമെന്ന് മന്ത്രി; പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ നിലപാട് വ്യക്തമാക്കണം

Current: മലയാളം

മലപ്പുറം: മതമൗലിക-വർഗീയവാദികളുടെ കൂടാണെന്ന മുൻ എം.എൽ.എ പി. നന്ദകുമാറിന്റെ പ്രസ്താവന ആസൂത്രിതവും സി.പി.എം അജണ്ടയുടെ ഭാഗവുമാണെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ.
മലപ്പുറം ജില്ലയെക്കുറിച്ച് ആദ്യമായിട്ടല്ല സി.പി.എം നേതാക്കൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭാഷയിലാണ് സി.പി.എം സംസാരിക്കുന്നത്. ബി.ജെ.പി ഇന്നലെ പറഞ്ഞത് എന്താണോ അതാണ് ഇന്ന് സി.പി.എം പറയുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന സി.പി.എം-ബി.ജെ.പി ബന്ധം തുടരുന്നു എന്നതിന്റെ തെളിവാണ് നന്ദകുമാറിന്റെ പ്രസ്താവന.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിലാണ് ഇത്തരമൊരു പരാമർശമെന്നത് ഗൗരവപൂർവം കാണണം. രാജ്യത്തിന് തന്നെ മാതൃകയായ ജില്ലയാണ് മലപ്പുറം. സി.പി.എമ്മും പിണറായി വിജയൻ ഉൾപ്പെടെ നേതാക്കളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.




