Skip to content
November 21, 2026
⌕

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പരിപാടിയിൽ ജനങ്ങൾ പ്രതിഷേധിച്ചെന്ന വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് ജയറാം രമേശിനെതിരെ രൂക്ഷവിമർശനവുമായി എൻ.ഡി.എ; വസ്തുതകൾ പരിശോധിക്കാതെ വ്യാജ പ്രചാരണം നടത്തിയത് വിശ്വസിക്കാനാവുന്നില്ലെന്ന് നിർമ്മല സീതാരാമൻ

October 5, 2026
Share this post to

ഡല്‍ഹി: ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ ഒക്ടോബര്‍ രണ്ടിന് നടന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസംഗത്തിനിടെയുണ്ടായ ഹ്രസ്വമായ തടസ്സത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനെതിരെ ധനമന്ത്രിയും എന്‍.ഡി.എ നേതാക്കളും രംഗത്ത്. 


തൊഴില്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിക്കുകയാണെന്ന വ്യാജ അവകാശവാദത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചാണ് ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.


ജനങ്ങളുടെ രോഷം ധനമന്ത്രി നേരിട്ട് കാണുകയാണെന്നും അവരെ ശാന്തരാക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ഇടപെടേണ്ടി വന്നെന്നുമായിരുന്നു ജയറാം രമേശിന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തള്ളിയ നിര്‍മ്മല സീതാരാമന്‍, ജയറാം രമേശിന്റെ നിലപാട് ‘വിശ്വസിക്കാനാവാത്തത്’ എന്ന് വിശേഷിപ്പിച്ചു. 


ചടങ്ങില്‍ പങ്കെടുത്ത ടി.ഡി.പി, ജനസേന പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ നേതാക്കളായ ചന്ദ്രബാബു നായിഡുവിനെയും പവന്‍ കല്ല്യാണിനെയും കാണാനുള്ള ആവേശത്തിലായിരുന്നുവെന്നും, പരിപാടിക്ക് ശേഷം സംസാരിക്കാമെന്ന് മുഖ്യമന്ത്രി അവരോട് പറയുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി വ്യക്തമാക്കി. 


വസ്തുതകള്‍ അന്വേഷിക്കാതെ ഇത്രയും പെട്ടെന്ന് തെറ്റായ നിഗമനത്തിലെത്തിയതില്‍ അത്ഭുതമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആവേശകരമായ പ്രതികരണത്തെയാണ് പ്രതിഷേധമായി തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മന്ത്രി നരാ ലോകേഷും പ്രതികരിച്ചു. പരിപാടി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് താന്‍ ഇടപെട്ടതെന്നും അവര്‍ വ്യക്തമാക്കി.

 

Get more updates from Pudukad News on Google